---
title: "റെയിൽവെ ഭൂമിയിലെ മാലിന്യം; പഴയങ്ങാടി റെയിൽവെ സ്റ്റേഷന് 5000 രൂപ പിഴ ചുമത്തി"
english_title: "Garbage on railway land"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336194/garbage-on-railway-land"
published_at: "2026-01-13T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69665cb5ee770_news-card.jpg"
keywords: []
---

# റെയിൽവെ ഭൂമിയിലെ മാലിന്യം; പഴയങ്ങാടി റെയിൽവെ സ്റ്റേഷന് 5000 രൂപ പിഴ ചുമത്തി

> **Lead Summary:** **പഴയങ്ങാടി: **റെയിൽവെ ഭൂമിയിൽ വ്യാപകമായി മാലിന്യം തള്ളിയതിന് പഴയങ്ങാടി റെയിൽവെ സ്റ്റേഷന് ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപയിട്ടു. മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ പരിസര പ്രദേശങ്ങളിലും റെയിൽവേ ഉടമസ്ഥതയിലുള്ള മുത്തപ്പൻ മടപ്പുര കോമ്പൗണ്ടിലുമാണ് വ്യാപകമായി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത് കണ്ടെത്തിയത്.

## Article Content

**പഴയങ്ങാടി: **റെയിൽവെ ഭൂമിയിൽ വ്യാപകമായി മാലിന്യം തള്ളിയതിന് പഴയങ്ങാടി റെയിൽവെ സ്റ്റേഷന് ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപയിട്ടു. മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ പരിസര പ്രദേശങ്ങളിലും റെയിൽവേ ഉടമസ്ഥതയിലുള്ള മുത്തപ്പൻ മടപ്പുര കോമ്പൗണ്ടിലുമാണ് വ്യാപകമായി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത് കണ്ടെത്തിയത്.

ഭക്ഷണാവശിഷ്ടങ്ങളും ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ കഴിയുന്ന നിരവധി പ്ലാസ്റ്റിക് കവറുകളുമാണ് മടപ്പുരയ്ക്ക് സമീപത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. സർക്കാർ ഉത്തരവ് പ്രകാരം നിരോധിത തെർമോക്കോൾ പ്ലേറ്റുകൾ ഉൾപ്പടെയാണ് മടപ്പുരയ്ക്ക് ഉള്ളിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മാട്ടൂൽ പുതിയങ്ങാടി റോഡിലും റെയിൽവേ പാർക്കിങ്ങിനോട് ചേർന്ന പ്രദേശങ്ങളിലും ചാക്കുകളിലും അല്ലാതെയും നിരവധി മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നതായി കണ്ടെത്തിയത്.റെയിൽവേ സ്റ്റേഷന്റെ മുൻവശത്തു കോൺക്രീറ്റ് റിങ്ങിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചു വരുന്നതായും കണ്ടെത്തി.മാലിന്യങ്ങൾ വലിച്ചെറിയൽ വളരെ വ്യാപകമായി റെയിൽവേ ഭൂമിയിൽ നടന്നു വരുന്നുണ്ടെന്നും മാലിന്യം വലിച്ചെറിയുന്ന വ്യക്തികൾക്കെതിരെയും ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്ന് സ്‌ക്വാഡ് അറിയിച്ചു.

മാലിന്യം വലിച്ചെറിയുന്നത് തടയാൻ സി സി ടി വി, ഫെൻസിങ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി. കേരള പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336194/garbage-on-railway-land)