---
title: "യു ഡി എഫ് മുന്നിൽ: 15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം, ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ മുന്നേറ്റം"
english_title: "huge progress in all areas of the three-tier elections"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330883/huge-progress-in-all-areas-of-the-three-tier-elections"
published_at: "2025-12-13T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d06158d1ba_Untitled-2-web.jpg"
keywords: []
---

# യു ഡി എഫ് മുന്നിൽ: 15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം, ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ മുന്നേറ്റം

> **Lead Summary:** **തിരുവനന്തപുരം: **വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെ എല്ലാ മേഖലകളിലും യുഡിഎഫ് മുന്നേറ്റം രേഖപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തലങ്ങളിലാകെ യുഡിഎഫ് ലീഡ് നിലനിർത്തുകയാണ്.

## Article Content

**തിരുവനന്തപുരം: **വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെ എല്ലാ മേഖലകളിലും യുഡിഎഫ് മുന്നേറ്റം രേഖപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തലങ്ങളിലാകെ യുഡിഎഫ് ലീഡ് നിലനിർത്തുകയാണ്.

ഈ മുന്നേറ്റം അന്തിമഫലമല്ലെങ്കിലും, 2010ന് ശേഷം ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇത്രയും ശക്തമായ മുന്നേറ്റം ലഭിക്കുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്നതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിയെഴുതാൻ സാധ്യതയുള്ള ട്രെൻഡുകളാണ് പുറത്തുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഈ പ്രവണത തുടർന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതിന് നിർണായക സ്വാധീനം ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മുന്നേറ്റമാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകുന്നത്.

അതേസമയം, എൽഡിഎഫിന് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ബി.ജെ.പി.യും അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 23 പഞ്ചായത്തുകളിൽ ലീഡ് നേടിയിരുന്ന ബിജെപി, ഇത്തവണ 33 പഞ്ചായത്തുകളിലാണ് ലീഡ് നേടുന്നത്. ഇതിന് പുറമേ, ഒരു കോർപ്പറേഷനിലും ബിജെപി ലീഡ് നിലനിർത്തുന്നുണ്ട്.

 കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കുന്ന മുന്നേറ്റം

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. എൽഡിഎഫിന്റെ കുത്തകയായി കണക്കാക്കിയിരുന്ന കൊല്ലം കോർപ്പറേഷനിലും യുഡിഎഫ് മുന്നിലാണ്. കൊച്ചി നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചതായി തന്നെ വിലയിരുത്തപ്പെടുന്നു.

തൃശൂർ, കൊല്ലം, കോഴിക്കോട്, കൊച്ചി എന്നീ കോർപ്പറേഷനുകളിലാണ് യുഡിഎഫിന്റെ മുന്നേറ്റം ശ്രദ്ധേയമായത്. തൃശൂരിൽ 45 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്, എൽഡിഎഫിന് 28 സീറ്റുകളിലാണ് ലീഡ്. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് ആദ്യഘട്ടത്തിൽ യുഡിഎഫ് മുന്നേറ്റം കണ്ടെങ്കിലും, എൽഡിഎഫ് തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നുണ്ട്.

അതേസമയം, പാലക്കാട് നഗരസഭയിൽ യുഡിഎഫ് പിന്നോട്ടു പോകുമ്പോൾ, തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330883/huge-progress-in-all-areas-of-the-three-tier-elections)