---
title: "നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്"
english_title: "actress attack case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330667/actress-attack-case"
published_at: "2025-12-12T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693b9ce5050ba_Untitled-2-web.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്

> **Lead Summary:** നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക.ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

## Article Content

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക.ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. ജഡ്ജി ഹണി എം വര്‍ഗീസാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. എട്ടാം പ്രതി ആയിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കാരണങ്ങളും വിധിന്യായത്തില്‍ നിന്ന് അറിയാം.

നടപടിക്രമങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം (ഐ പി സി) പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗ കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.രാവിലെ 11ന് ജഡ്ജി കോടതി മുറിയിൽ എത്തിയാല്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളായ എന്‍ എസ് സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലീം), പ്രദീപ് എന്നിവരോട് പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെടും.

തുടര്‍ന്ന് ഓരോ വകുപ്പുകളായി പ്രതികള്‍ക്ക് എതിരെയുള്ള കുറ്റവും അതിനുള്ള ശിക്ഷയും വ്യക്തമാക്കും. നടപടിക്രമ ഭാഗമായി പ്രതികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കും. കുറ്റകൃത്യത്തിന് നല്‍കുന്ന ശിക്ഷയിന്‍മേല്‍ എന്താണ് പറയാൻ ഉള്ളതെന്ന് കോടതി കേള്‍ക്കും.

കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ എല്ലാം തന്നെ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്.

ആറ് പ്രതികള്‍ ഈ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330667/actress-attack-case)