---
title: "കണ്ണീരണിയിച്ച ഇരിക്കൂർ പെരുമണ്ണ് ദുരന്തത്തിന് ഇന്ന് പതിനേഴ് വർഷം"
english_title: "Irikkur Perumannu disaster"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329346/irikkur-perumannu-disaster"
published_at: "2025-12-04T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931473060c95_Untitled-2-web.jpg"
keywords: []
---

# കണ്ണീരണിയിച്ച ഇരിക്കൂർ പെരുമണ്ണ് ദുരന്തത്തിന് ഇന്ന് പതിനേഴ് വർഷം

> **Lead Summary:** 2008 ഡിസംബർ നാലിന്റെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു ആ ദുരന്തം.ഇരിക്കൂറിനടുത്ത് പെരുമണ്ണ് എന്ന ഗ്രാമത്തിലെ നാരായണവിലാസം എൽ പി സ്കൂളിലെ 10 കുരുന്നുകൾ ആണ് വാഹനം കയറി മരിക്കാനിടയായത്. ഇരിക്കൂര് - ഇരിട്ടി സംസ്ഥാന പാതയില് നടന്ന ഈ ദാരുണ ദുരന്തം ഈ ഒരു ഗ്രാമത്തെ മാത്രമല്ല കേരളത്തെ ആകെ കരയിച്ചിരുന്നു.

## Article Content

2008 ഡിസംബർ നാലിന്റെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു ആ ദുരന്തം.ഇരിക്കൂറിനടുത്ത് പെരുമണ്ണ് എന്ന ഗ്രാമത്തിലെ നാരായണവിലാസം എൽ പി സ്കൂളിലെ 10 കുരുന്നുകൾ ആണ് വാഹനം കയറി മരിക്കാനിടയായത്. ഇരിക്കൂര് - ഇരിട്ടി സംസ്ഥാന പാതയില് നടന്ന ഈ ദാരുണ ദുരന്തം ഈ ഒരു ഗ്രാമത്തെ മാത്രമല്ല കേരളത്തെ ആകെ കരയിച്ചിരുന്നു.

സ്കൂള് വിട്ട് വീടുകളിലേക്ക് റോഡിന്റെ അരികു ചേർന്ന് നടന്നു പോകുകയായിരുന്ന ഇരുപതോളം വരുന്ന കുരുന്നുകൾക്കിടയിലേക്ക് ജപ്പാന് കുടിവെള്ള പദ്ധതിയുടെ സൈറ്റില് ജോലി ചെയ്തിരുന്ന ഇലക്ട്രിക്കൽ വിഭാഗം ജോലിക്കാരന് മലപ്പുറം തിരൂര് സ്വദേശി അബ്ദുൾ കബീർ ഓടിച്ച ക്രൂയിസർ വണ്ടി നിയന്ത്രണം വിട്ട് കുട്ടികൾക്കിടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഓടിമാറാനുള്ള സമയം പോലും ലഭിക്കാതെ 10 കുരുന്നുകള് തൽക്ഷണം തന്നെ വാഹനത്തിനടിയില്‍ പെട്ട് പിടഞ്ഞു മരിച്ചു. മൂന്നു പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

കൂട്ട രോദനം കേട്ട് ഓടിയെത്തിയവർ കണ്ടത്ഹൃദയം പിളർക്കുന്ന കാഴ്ചയായിരുന്നു. സോന, വൈഷ്ണവ്, കാവ്യ, സാന്ദ്ര, മിഥുന, നന്ദന, സഞ്ജന, അനുശ്രീ, ആഖിന, റംഷാന എന്നിവരായിരുന്നു വിടരും മുൻപ് വിധി പറിച്ചെറിഞ്ഞ ആ പൂമൊട്ടുകൾ.

അപകടശേഷം പെരുമണ്ണിലെ മഹാമനസ്കനായ കൃഷ്ണ വാര്യർ വിട്ടുനല്കിയ പെരുമണ്ണിലെ സ്ഥലത്താണ് ഇതില് ഒൻപതു കുരുന്നുകളെയും അടക്കം ചെയ്തത്. അവിടെ നാട്ടുകാർ കുഞ്ഞുങ്ങൾക്കായി ഒരു സ്മാരക മണ്ഡപവും പടുത്തുയർത്തി. ഈ പാതയിലൂടെ കടന്നു പോകുന്ന ആർക്കും ഒരു നിമിഷം തലകുനിച്ച് നമിക്കാതെ ഇതിലേ കടന്ന് പോകുവാനാവില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329346/irikkur-perumannu-disaster)