---
title: "പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കണം: മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ"
english_title: "pariraksha 2022"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32904/pariraksha-2022"
published_at: "2022-03-20T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6237293176134_Untitled-2 web-Recovered.jpg"
keywords: []
---

# പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കണം: മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസവികസന പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, +2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടിയകറ്റാനും ആത്മവിശ്വാസമുയർത്തുന്നതിനുമായി 'പരിരക്ഷ-2022' മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസവികസന പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, +2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടിയകറ്റാനും ആത്മവിശ്വാസമുയർത്തുന്നതിനുമായി 'പരിരക്ഷ-2022' മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ ക്ലാസ് ഉദ്ഘാടനം ചെയ്തു. മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നേരിട്ടും മണ്ഡലത്തിലെ മറ്റ് സ്കൂളുകളിൽ ഓൺലൈനായും നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

പരീക്ഷയെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് അവർക്ക് ആത്മവിശ്വാസം പകരാനുള്ള ഉത്തരവാദിത്തം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുൾപ്പെടെ ഏവർക്കുമുണ്ടെന്നും അത്തരത്തിലുള്ള ശ്രമമാണ് മോട്ടിവേഷൻ ക്ലാസിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിനായുള്ള വിപുലമായ വിദ്യാഭ്യാസ വികസന പദ്ധതിക്ക് മണ്ഡലത്തിൽ രൂപംനൽകിയിരിക്കുകയാണ്. 

അടിസ്ഥാന സൗകര്യ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും, സ്മാർട്ട് ക്ലാസ് റൂമുകൾ, അത്യാധുനിക ഐ ടി ലാബുകൾ, ആധുനിക ഭാഷ ലാബുകൾ, അത്യാധുനിക ലൈബ്രറികൾ എന്നിവക്ക് പുറമെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടുകൾ എന്നിവ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ എന്നും ശക്തിപ്പെടുത്തുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചുപോരുന്നത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറു വർഷത്തിനിടെ 10.48 ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് പുതുതായി കടന്നു വന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റങ്ങളുണ്ടാക്കാൻ കേരളത്തിനായി.

അക്കാദമിക, പശ്‌ചാത്തല സൗകര്യങ്ങൾ വലിയ രീതിയിൽ വർധിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലും അടിസ്ഥാനസൗകര്യം വലിയ രീതിയിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വികസിച്ചു. കൂടുതൽ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട കെട്ടിടങ്ങളും, ആധുനീക സാങ്കേതിക വിദ്യകളും ഉൾപ്പെടെ വികസിപ്പിക്കാൻ നമുക്കാവണം. 

കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിൽ ശ്രദ്ധയൂന്നണമെന്നും അദ്ദേഹം പറഞ്ഞു.  സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ മുഴുവൻ സ്കൂളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ക്ഷമതാ പരിശോധന നടത്തുകയും അവർക്കുള്ള പോരായ്മകൾ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയും ചെയ്യും.    മണ്ഡലത്തിലെ സ്കൂളുകളിലെ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ശേഖരിക്കാനും ഇതിലൂടെ അംഗൻവാടികൾ മുതൽ ഉന്നതവിദ്യാഭ്യാസം വരെയും വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ ലഭിക്കുന്നതുവരെയും ഉള്ള കാര്യങ്ങൾ ശേഖരിക്കുകയും ചെയ്യും.       

വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി  മെയ് മാസത്തിൽ  ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവർക്ക് കരിയർ ഗൈഡൻസ് എക്സ്പോ സംഘടിപ്പിക്കും.  എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ സമാനതകളില്ലാത്ത നൂതനപദ്ധതികളും സ്‌കൂളുകളെ ഹൈടെക്‌ ആക്കിയത്‌ ഉൾപ്പെടെയുള്ള നടപടികളും പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ കാതലായ മാറ്റംവരുത്തി.  ആ മികവ് പുലർത്തുകയും ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിയുമുള്ള നവീനവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം തളിപ്പറമ്പ് മണ്ഡലത്തിലും ഉറപ്പാക്കുകയാണ് സമഗ്രവിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ ജീവൻ ബാബു ഐഎഎസ് പരിപാടിയിൽ സംബന്ധിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഇ എം സുരേഷ് ബാബു, തളിപ്പറമ്പ് ഡി ഇ ഒ കെ ജയപ്രകാശ്, മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കൺവീനർ കെ സി ഹരികൃഷ്ണൻ മാസ്റ്റർ, പി.ടി എ പ്രസിഡണ്ട് പി പി സുരേഷ് ബാബു, ഹെഡ് മാസ്റ്റർ എം സുനിൽ കുമാർ, പ്രിൻസിപ്പൾ എം കെ അനൂപ് കുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ 19 സ്‌കൂളുകളിൽ ക്ലാസ് ഓൺലൈനായി സംപ്രേഷണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32904/pariraksha-2022)