---
title: "പ്രളയത്തിൽ തകർന്ന വീടിന് ജപ്തി നോട്ടീസ്"
english_title: "jepti notice "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32902/jepti-notice"
published_at: "2022-03-20T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6237277c94764_Untitled-2 web-Recovered.jpg"
keywords: []
---

# പ്രളയത്തിൽ തകർന്ന വീടിന് ജപ്തി നോട്ടീസ്

> **Lead Summary:** **ശ്രീകണ്ഠപുരം;** 2019 ലെ പ്രളയത്തിൽ ഭൂമി വിണ്ടു കീറിയ ചന്ദനക്കാംപാറ ഷിമോഗ നഗറിലെ ഒരു വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടിസ് പതിച്ചു. ജോസഫ് മാരിപ്പുറത്ത് എന്ന കർഷകന്റെ വിണ്ടു കീറിയ ഭൂമിയിലെ വീടിനാണ് കേരള ഗ്രാമീൺ ബാങ്ക് ജപ്തി നോട്ടിസ് പതിച്ചത്. ഭൂമി താമസ യോഗ്യമല്ല എന്ന കടലാസ് തന്നാൽ ജപ്തി ഒഴിവാക്കാം എന്ന് ബാങ്കുകാർ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

## Article Content

**ശ്രീകണ്ഠപുരം;** 2019 ലെ പ്രളയത്തിൽ ഭൂമി വിണ്ടു കീറിയ ചന്ദനക്കാംപാറ ഷിമോഗ നഗറിലെ ഒരു വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടിസ് പതിച്ചു. ജോസഫ് മാരിപ്പുറത്ത് എന്ന കർഷകന്റെ വിണ്ടു കീറിയ ഭൂമിയിലെ വീടിനാണ് കേരള ഗ്രാമീൺ ബാങ്ക് ജപ്തി നോട്ടിസ് പതിച്ചത്. ഭൂമി താമസ യോഗ്യമല്ല എന്ന കടലാസ് തന്നാൽ ജപ്തി ഒഴിവാക്കാം എന്ന് ബാങ്കുകാർ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ കടലാസ് ആര് കൊടുക്കും എന്നറിയാതെ വീട്ടുടമ നട്ടം തിരിയുകയാണ്. പ്രളയത്തിന് ശേഷം നിരവധി വീടുകളുള്ള ഷിമോഗ നഗറിൽ ഭൂമി വിണ്ടു കീറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇവിടെ താമസിക്കുന്ന 9 വീട്ടുകാരെ അടിയന്തരമായി മറ്റൊരു സ്ഥലത്തേക്ക് അന്ന് മാറ്റിപ്പാർപിച്ചിരുന്നു.

സർക്കാരിൽ നിന്നു പ്രളയ സഹായമായി 10000 രൂപ ഓരോ വീട്ടുകാർക്കും കിട്ടിയിട്ടുണ്ട്.മാസങ്ങളോളം വാടക വീടുകളിൽ കഴിഞ്ഞതിനു ശേഷം 4 പേർ തിരികെ ഷിമോഗ നഗറിൽ എത്തി വിണ്ടു കീറിയ ഭൂമിയിലെ പഴയ വീടുകളിൽ തന്നെ താമസമാക്കി. ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം അന്നത്തെ എംഎൽഎ കെ.സി.ജോസഫ് ഉൾപ്പെടെ ഉള്ളവർ ഇടപെട്ടതിനെ തുടർന്ന് ജിയോളജിക്കൽ, റവന്യു വകുപ്പ് സംഘം സ്ഥലം സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

പയ്യാവൂർ പഞ്ചായത്തിലെ ജനപ്രതിനിധികളെല്ലാം പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ജില്ല കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഇടപെട്ടു. ഇവിടെ താമസിച്ചാൽ കൂടുതൽ ദുരന്തങ്ങൾക്ക് സാധ്യത ഉണ്ടെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് 9 വീട്ടുകാരും അന്ന് ഇവിടെ നിന്ന് മാറിയത്. പുതുതായി താമസിക്കുന്ന വീടുകളുടെ വാടക സർക്കാർ നൽകും എന്ന പ്രഖ്യാപനവും ഉണ്ടായി. എന്നാൽ വാടക ഇനത്തിൽ ചില്ലിക്കാശ് പോലും ഈ പാവങ്ങൾക്ക് കിട്ടിയിട്ടില്ല.

ഈ സഹചര്യത്തിലാണ് പഴയ താവളത്തിലേക്ക് തന്നെ 4 വീട്ടുകാർ മടങ്ങി എത്തിയത്. വായ്പ തിരിച്ചടയ്ക്കാൻ വഴിയില്ലാത്തത് കൊണ്ട് ബാങ്ക് നിരവധി തവണ നോട്ടിസ് അയച്ചു. തിരിച്ചടവ് പൂർണമായി മുടങ്ങിയതിനെ തുടർന്നാണ് അടുത്ത കാലത്തായി ഒരു വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചിരിക്കുന്നത്.

സാമ്പത്തിക വർഷം അവസാനമായത് കൊണ്ട് തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ബാങ്കുകാരുടെ നിലപാട്. സ്ഥലവും വീടും താമസയോഗ്യമല്ലെന്ന കടലാസ് ഹാജരാക്കിയാൽ വായ്പ തുക ഇൻഷുറൻസ് കമ്പനിക്കാർ അടക്കും. ഇപ്പോൾ ഇവരെ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32902/jepti-notice)