---
title: "നെയ്ത്തുശാലയിൽ നിന്ന് നഗരസഭയുടെ അമരത്തേക്ക്; ആന്തൂരിനെ നയിക്കാൻ വി. സതീദേവി"
english_title: "V. Satidevi to lead Anthoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327400/v-satidevi-to-lead-anthoor"
published_at: "2025-11-23T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69228cfd43c73_news-card.jpg"
keywords: []
---

# നെയ്ത്തുശാലയിൽ നിന്ന് നഗരസഭയുടെ അമരത്തേക്ക്; ആന്തൂരിനെ നയിക്കാൻ വി. സതീദേവി

> **Lead Summary:** **ആന്തൂർ: **സംഘാടക മികവുകൊണ്ടും ജനകീയത കൊണ്ടും ആന്തൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ നിറസാന്നിധ്യമായി മാറിയ വി. സതീദേവിയാണ് ഇത്തവണ ആന്തൂർ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ആന്തൂർ നഗരസഭ 27-ാം വാർഡിൽ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. സാധാരണ കൈത്തറി തൊഴിലാളി കുടുംബത്തിൽ ജനിച്ച്, പൊതുപ്രവർത്തന രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തിയ സതീദേവി കഴിഞ്ഞ ഭരണസമിതിയിൽ നഗരസഭ വൈസ് ചെയർപേഴ്സണായി മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

## Article Content

**ആന്തൂർ: **സംഘാടക മികവുകൊണ്ടും ജനകീയത കൊണ്ടും ആന്തൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ നിറസാന്നിധ്യമായി മാറിയ വി. സതീദേവിയാണ് ഇത്തവണ ആന്തൂർ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ആന്തൂർ നഗരസഭ 27-ാം വാർഡിൽ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. സാധാരണ കൈത്തറി തൊഴിലാളി കുടുംബത്തിൽ ജനിച്ച്, പൊതുപ്രവർത്തന രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തിയ സതീദേവി കഴിഞ്ഞ ഭരണസമിതിയിൽ നഗരസഭ വൈസ് ചെയർപേഴ്സണായി മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

മൊറാഴയുടെ മണ്ണിൽ നിന്നും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഈറ്റില്ലമായ മൊറാഴയുടെ ചുവന്ന മണ്ണിലാണ് സതീദേവിയുടെ ജനനം. ബ്രിട്ടീഷ് പോലീസിനും ജന്മിത്വത്തിനുമെതിരെ നടന്ന ചെറുത്തുനിൽപ്പിന്റെ ചരിത്രവും ആവേശവും ഉൾക്കൊണ്ടാണ് സതീദേവി വളർന്നത്. കുടുംബത്തിൽ രാഷ്ട്രീയ പാരമ്പര്യമില്ലാതിരുന്നിട്ടും, മൊറാഴ നൽകിയ ആവേശം അവരെ പൊതുപ്രവർത്തന രംഗത്തേക്ക് കൈപിടിച്ചു നടത്തി.

വിദ്യാഭ്യാസവും തൊഴിലും മൊറാഴ സെൻട്രൽ യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, കല്ല്യാശ്ശേരി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തുടർന്ന് തളിപ്പറമ്പ് സർ സെയ്ദ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രി പാസായെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ കാരണം തുടർപഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് സഹകരണത്തിൽ ജെ.ഡി.സി (JDC) പാസായി. 1978-ൽ മൊറാഴ മഹിളാ സമാജം ബാലവാടി അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങി. 1979-ൽ മൊറാഴ വീവേഴ്സിൽ ജോലി ലഭിച്ചു. 38 വർഷത്തെ സേവനത്തിനിടയിൽ 7 വർഷം സംഘം സെക്രട്ടറിയായും പ്രവർത്തിച്ച് 2017-ൽ വിരമിച്ചു.

രാഷ്ട്രീയ വഴികൾ

മഹിളാ ബ്രാഞ്ച് വഴിയാണ് പാർട്ടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. 1979-80 കാലഘട്ടത്തിൽ മൊറാഴ ലോക്കൽ മഹിളാ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിന്നീട് കെ.എസ്.വൈ.എഫിലൂടെ (KSYF) ഏരിയാ കമ്മിറ്റിയിലെത്തി. സംഘടന അഖിലേന്ത്യാ തലത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ തളിപ്പറമ്പ് ഏരിയാ വൈസ് പ്രസിഡണ്ടായി. തുടർന്ന് മഹിളാ ഫെഡറേഷൻ വില്ലേജ് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

1981-ൽ മഹിളാ അസോസിയേഷൻ രൂപീകരിച്ചപ്പോൾ സജീവ പ്രവർത്തകയായിരുന്ന സതീദേവി, 1982-ൽ ഏരിയാ സെക്രട്ടറിയായി. തുടർന്ന് നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സഖാക്കളായ പി. ദേവൂട്ടി, എൻ.കെ. നന്ദിനി, പി. ശ്രീമതി ടീച്ചർ, പി. കല്യാണി ടീച്ചർ തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു.

സഹകരണ-സാമൂഹ്യ രംഗത്ത്

മൊറാഴ വനിതാ സഹകരണ സംഘം പ്രസിഡണ്ട്, ഡബ്ല്യു.സി.സി.ഒ (WCCO) പ്രസ് പ്രസിഡണ്ട്, സ്‌റ്റംസ് കോളേജ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007-ൽ കണ്ണൂർ ജില്ലാ വിധവാ ക്ഷേമ സംഘം രൂപീകരിച്ചത് മുതൽ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് അതിന്റെ പ്രസിഡണ്ടായും, സംഘടന 'സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ' ആയി മാറിയപ്പോൾ ജില്ലാ സെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു വരുന്നു.

ഭരണ മികവ്

2015-ൽ രൂപീകൃതമായ ആന്തൂർ നഗരസഭയുടെ രണ്ടാം ഭരണസമിതിയിലേക്ക് 2020-ൽ ഒഴക്രോം വാർഡിൽ നിന്നും വിജയിച്ച സതീദേവി, നഗരസഭ വൈസ് ചെയർപേഴ്സൺ എന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കാനും, സ്ത്രീകളെയും പാവപ്പെട്ടവരെയും ചേർത്തുപിടിച്ച് ക്ഷേമപദ്ധതികൾ അർഹരിലേക്ക് എത്തിക്കാനും അവർക്ക് സാധിച്ചു. ഭരണപരമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സഹായങ്ങൾ ജനങ്ങളിലെത്തിക്കാൻ അവർ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

കുടുംബം

പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകളാണ്. പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി സെക്രട്ടറിയായിരുന്ന പരേതനായ എൻ. കൃഷ്ണനാണ് ഭർത്താവ്. മക്കൾ: ജ്യോൽസ്ന (കേരളാ ബാങ്ക്), അശ്വതി (നേഴ്സ്, കരിവെള്ളൂർ), കിരൺ കൃഷ്ണ. സി.പി.എം നേതാവും മുൻ തളിപ്പറമ്പ് നഗരസഭ ചെയർമാനുമായ സ: വാടി രവി സഹോദരീ ഭർത്താവാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327400/v-satidevi-to-lead-anthoor)