---
title: "തളിപ്പറമ്പ് മണ്ഡലത്തിൽ സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കും: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ "
english_title: "education project thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32658/education-project-thalipparamb"
published_at: "2022-03-19T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62357ce102a8a_mv.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിൽ സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കും: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ 

> **Lead Summary:** **തളിപ്പറമ്പ്: ** മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിന് വിപുലമായ വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപംനൽകിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് മുഖ്യപരിഗണന നൽകുന്നതുമാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: ** മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിന് വിപുലമായ വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപംനൽകിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് മുഖ്യപരിഗണന നൽകുന്നതുമാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി ഈ അധ്യയന വർഷം എസ്എസ്എൽസി, +2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയോടുള്ള പേടിയകറ്റുന്നതിനും ആത്മവിശ്വാസമുയർത്തുന്നതിനുമായി 'പരിരക്ഷ-2022' എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയാണ്. മാർച്ച് 20ന് ഞായറാഴ്ച വൈകുന്നേരം 3ന് മയ്യിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോക പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കും.

മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നേരിട്ടും മണ്ഡലത്തിലെ മറ്റ് സ്കൂളുകളിൽ ഓൺലൈനായും പരിപാടി നടക്കും. ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ ശ്രീ ജീവൻ ബാബു ഐ എ എസ് പരിപാടിയിൽ പങ്കെടുക്കും. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ കാലത്തിനനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഓരോ വിദ്യാർത്ഥിക്കും ഏറ്റവും നൂതനമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അടിസ്ഥാന സൗകര്യ മേഖലയിൽ ആധുനീകവും അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും,സ്മാർട്ട് ക്ലാസ് റൂമുകൾ, അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഐ ടി ലാബുകൾ,കുട്ടികളിൽ വിവിധ ഭാഷകളിൽ നൈപുണ്യം വളർത്തുന്നതിനായി ആധുനിക ഭാഷ ലാബുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറികൾ എന്നിവക്ക് പുറമെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടുകൾ എന്നിവ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കും.

സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ, എക്സെെസ്, വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനും ഡിഡിഇ ജനറൽ കൺവീനറും ആയി ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമായി കുട്ടികളുടെ കായികക്ഷമതാ പരിശോധന എല്ലാ പഞ്ചായത്തിലും നടന്നുകഴിഞ്ഞു.

അടുത്ത അധ്യയന വർഷം മുതൽ മുഴുവൻ സ്കൂളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ക്ഷമതാ പരിശോധന നടത്തുകയും അവർക്കുള്ള പോരായ്മകൾ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയും ചെയ്യും. മണ്ഡലത്തിലെ സ്കൂളുകളിലെ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ശേഖരിക്കാനും ഇതിലൂടെ അംഗൻവാടികൾ മുതൽ ഉന്നതവിദ്യാഭ്യാസം വരെയും വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ ലഭിക്കുന്നതുവരെയും ഉള്ള കാര്യങ്ങൾ ശേഖരിക്കുകയും ചെയ്യും.

ഇതുകൂടാതെ ഓരോ പഞ്ചായത്തിലും മികച്ച ഓരോ കായിക ടീമുകളെ വളർത്തിയെടുക്കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അതത് പ്രദേശത്തെ ഏറ്റവും കൂടുതൽ താല്പര്യമുള്ള കായിക ഇനത്തെ ഉപയോഗിച്ച് ദേശീയ അന്തർ ദേശീയ നിലവാരമുള്ള ടീമുകൾ ഉണ്ടാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

അടുത്ത അധ്യയന വർഷം മുതൽ യു പി തലം മുതലുള്ള കുട്ടികൾക്ക് യോഗ പരിശീലനം നൽകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി മെയ് മാസത്തിൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവർക്ക് കരിയർ ഗൈഡൻസ് എക്സ്പോ സംഘടിപ്പിക്കും. കുട്ടികൾക്ക് ഭാവിയിൽ ഏതെല്ലാം മേഖലയിൽ സ്കോളർഷിപ്പ് സംവിധാനത്തോടെ പഠിക്കാൻ സാധിക്കും, അവരവരുടെ അഭിരുചിക്ക് അനിയോജ്യമായ കോഴ്സുകൾ ഏതെല്ലാമാണ് തുടങ്ങിയവയിലൊക്കെ കൃത്യമായ അവബോധം നൽകുക എന്നതാണ് എക്സ്പോ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ എക്സ്പോയിൽ തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പേരുകൂടി ലോഞ്ച്‌ ചെയ്യും. ഏതെങ്കിലും ഒന്നോ രണ്ടോ പരിപാടി നടത്തി അവസാനിപ്പിക്കുക എന്നതല്ല, എല്ലാവർഷവും സമയബന്ധിതമായി മുഴുവൻ പരിപാടികളും നടത്തി വിദ്യാഭ്യാസ രംഗത്ത് ശരിയായ ഇടപെടൽ നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32658/education-project-thalipparamb)