---
title: "ഓപ്പറേഷൻ സൈ ഹണ്ട്: ജില്ലയിൽ 20 പേർ അറസ്റ്റിൽ "
english_title: "Operation cy hunt "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323584/operation-cy-hunt"
published_at: "2025-10-31T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690466feebe7b_1000061504.jpg"
keywords: []
---

# ഓപ്പറേഷൻ സൈ ഹണ്ട്: ജില്ലയിൽ 20 പേർ അറസ്റ്റിൽ 

> **Lead Summary:** > കണ്ണൂർ: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് ശക്തമായ നീക്കം തുടങ്ങി. “ഓപ്പറേഷൻ സൈബർ ഹണ്ട്” എന്ന പേരിൽ സംസ്ഥാനതലത്തിൽ നടത്തിയ വൻ പരിശോധനയുടെ ഭാഗമായി കണ്ണൂരിലും വ്യാപകമായ റെയ്ഡ് നടന്നു.

## Article Content

> കണ്ണൂർ: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് ശക്തമായ നീക്കം തുടങ്ങി. “ഓപ്പറേഷൻ സൈബർ ഹണ്ട്” എന്ന പേരിൽ സംസ്ഥാനതലത്തിൽ നടത്തിയ വൻ പരിശോധനയുടെ ഭാഗമായി കണ്ണൂരിലും വ്യാപകമായ റെയ്ഡ് നടന്നു.

ജില്ലയിൽ മാത്രം 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് എടുത്തുനൽകിയവരെയാണ് പ്രധാനമായും പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജിന്റെയും റൂറൽ എസ്.പി അനൂജ് പലിവാലിന്റെയും നിർദേശപ്രകാരം എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ 17 പേരെ അറസ്റ്റ് ചെയ്തു.

ചക്കരക്കല്ലിൽ 5 പേരെയും, കണ്ണൂർ ടൗണിൽ 4 പേരെയും, മയ്യിലിൽ 4 പേരെയും, കണ്ണൂർ സിറ്റിയിൽ 4 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. റൂറൽ പരിധിയിൽ 2 പേരെയും പിടികൂടി. കൂടാതെ 13 പേർക്ക് പോലീസ് നോട്ടീസ് നൽകി.

 ലക്ഷക്കണക്കിന് രൂപയുടെ ഇടപാട്

പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടന്നതായി പോലീസ് കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ച പരിശോധന രാത്രി വൈകുംവരെ തുടർന്നു. തളിപ്പറമ്പ് ഡിവൈഎസ്.പി കെ.ഇ. പ്രേമചന്ദ്രൻ, കൂത്തുപറമ്പ് എസിപി കെ.വി. പ്രമോദൻ, തലശ്ശേരി എഎസ്.പി പി.ബി. കിരൺ എന്നിവർക്ക് കീഴിലുമായിരുന്നു പരിശോധന.

ബാങ്ക് അക്കൗണ്ടും സിം കാർഡും വിലയ്ക്ക് വാങ്ങുന്ന സംഘം

തട്ടിപ്പുസംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടേതായ ബാങ്ക് അക്കൗണ്ടും മൊബൈൽ സിം കാർഡും വിലയ്ക്ക് വാങ്ങുന്ന രീതിയാണ് ഇപ്പോൾ വ്യാപകമാകുന്നത്. ചിലപ്പോൾ അക്കൗണ്ടുടമകൾക്ക് അറിയാതെതന്നെ വ്യാജമായി അക്കൗണ്ട് തുറക്കപ്പെടുകയും ചെയ്യുന്നു. ഇതുമൂലം കുറ്റവാളികളെ പിന്തുടരാൻ ബുദ്ധിമുട്ടാണ് നേരിടുന്നത്.

ധനകാര്യ സ്ഥാപനങ്ങൾ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ ഉപയോഗിച്ച് മുന്നേറുകയാണ്. ആധാർ നമ്പർ ചൂഷണം ചെയ്ത് ഫോട്ടോമാറ്റിക് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് സൃഷ്ടിക്കുന്നതും ചില ബാങ്കുകളുടെ ഓൺലൈൻ അക്കൗണ്ട് സംവിധാനം ദുരുപയോഗം ചെയ്യുന്നതുമാണ് പ്രധാന രീതികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323584/operation-cy-hunt)