---
title: "സി ബി ഐ ചമഞ്ഞ് റിട്ട ഉദ്യോഗസ്ഥന്റെ മൂന്നേ കാൽ കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ"
english_title: "cyber froud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322991/cyber-froud"
published_at: "2025-10-28T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69007ea7405fa_news-card.jpg"
keywords: []
---

# സി ബി ഐ ചമഞ്ഞ് റിട്ട ഉദ്യോഗസ്ഥന്റെ മൂന്നേ കാൽ കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **സിബിഐ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥന്റെ മൂന്ന് കോടി പതിനഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയില്‍.ഉത്തര്‍പ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സര്‍സദിനെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച്

## Article Content

**തളിപ്പറമ്പ്: **സിബിഐ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥന്റെ മൂന്ന് കോടി പതിനഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയില്‍.ഉത്തര്‍പ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സര്‍സദിനെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച്

ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. മനോജ് കാനായി, എ.എസ്.ഐ. എസ്.ജി.സതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. അനീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം ഉത്തര്‍പ്രദേശില്‍ വെച്ച് പിടികൂടിയത്.

സി.ബി.ഐയില്‍ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസില്‍ കാരോത്ത് വളപ്പില്‍ ഭാര്‍ഗ്ഗവന്റെ (74)മൂന്ന് കോടി 15.5 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.2024 സപ്തംബര്‍ 19 നും ഒക്ടോബര്‍ മൂന്നിനു വൈകുന്നേരം 5 മണിക്കുമിടയിലായിരുന്നു സംഭവം. പരാതിക്കാരനെ സി.ബി.ഐയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് വാട്‌സാപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്ത് സര്‍വയലന്‍സില്‍ നിര്‍ത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിന് പരാതിക്കാരനില്‍ നിന്നും അക്കൗണ്ടുകള്‍ വഴി പലതവണകളായി മൂന്നു കോടി 15,50,000 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിയെടുക്കുകയായിരുന്നു.

പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിന്‍വലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.തുടര്‍ന്ന് ഉത്തര്‍പ്രദേശിലെത്തിയ സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322991/cyber-froud)