---
title: "പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് അശ്വരഥോത്സവം നടക്കും"
english_title: "pokooth theru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32299/pokooth-theru"
published_at: "2022-03-17T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232f3c35b544_Untitled-2 web-Recovered.jpg"
keywords: []
---

# പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് അശ്വരഥോത്സവം നടക്കും

> **Lead Summary:** **തളിപ്പറമ്പ്: **പൂക്കോത്ത് തെരു പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന്( വ്യാഴാഴ്ച) ഉച്ചക്ക് 3 മണിക്ക് കുതിരവലി എന്ന അശ്വരഥോത്സവം നടക്കും. രാവിലെ 9 മണിക്ക് പൂരക്കളിയുടെ സമാപനം കുറിച്ചുള്ള ” കാമൻപാട്ടി” ന് ശേഷം കൊട്ടാരത്തിൽ നിന്നും രണ്ട് അശ്വരഥങ്ങളെ പുറത്തേക്കിറക്കും.

## Article Content

**തളിപ്പറമ്പ്: **പൂക്കോത്ത് തെരു പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന്( വ്യാഴാഴ്ച) ഉച്ചക്ക് 3 മണിക്ക് കുതിരവലി എന്ന അശ്വരഥോത്സവം നടക്കും. രാവിലെ 9 മണിക്ക് പൂരക്കളിയുടെ സമാപനം കുറിച്ചുള്ള ” കാമൻപാട്ടി” ന് ശേഷം കൊട്ടാരത്തിൽ നിന്നും രണ്ട് അശ്വരഥങ്ങളെ പുറത്തേക്കിറക്കും.

പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട തോലൻ തറവാട് , ആലിങ്കീൽ തറവാട് എന്നിവിടങ്ങളിലെ കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനങ്ങളിൽ അശ്വരഥങ്ങളെ എത്തിക്കും. തറവാടു സ്ഥാനങ്ങളിൽ അലങ്കരിച്ച് നിർത്തുന്ന അശ്വരഥങ്ങളെ രഥോത്സവം തുടങ്ങുന്നതിനു മുമ്പ് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന കോമരങ്ങൾ കലശമാടും.

തോലൻ തറവാട്ടിൽ ഭദ്രകാളി സങ്കല്പത്തിൽ ചുവപ്പും, ആലിങ്കീൽ തറവാട്ടിൽ ശിവസങ്കല്പത്തിൽ പച്ചയും നിറങ്ങളോടുകൂടിയ അശ്വരഥങ്ങളെ കോമരങ്ങൾ കലശമാടിയ ശേഷം തറവാട്ടംഗങ്ങൾ അരിയെറിഞ്ഞ് യാത്രയയക്കും. ഈ ചടങ്ങുകൾക്ക് ശേഷം സമുദായാംഗങ്ങൾ പാശങ്ങൾ കൊണ്ട് വലിച്ച് അശ്വരഥങ്ങളെ കൊട്ടരത്തിൽ സമർപ്പിക്കും .

കൊട്ടാരത്തിൽ നിന്നും പുറപ്പെടുന്ന തിരുവായുധം എഴുന്നള്ളത്തിന് മുന്നിലായി രണ്ട് അശ്വരഥങ്ങളെയും നഗര പ്രദക്ഷിണം നടത്തിക്കും. പണ്ട് പൂക്കോത്ത് ഇല്ലത്തിൻ്റെ അധീനതയിലായിരുന്നു പൂക്കോത്ത് കൊട്ടാരം. പൂക്കോത്ത് ഇല്ലത്തെ ശിവ ഭക്തനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ അഭീഷ്ട കാര്യസിദ്ധിക്കായി പരമശിവനെ തപസ് ചെയ്തു.

ഭക്തൻ്റെ തപസിൽ സന്തുഷ്ടനായ ശിവൻ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച മകൾ ഭദ്രകാളിയോടൊപ്പം പ്രത്യക്ഷപ്പെട്ടു. ശിവൻ പച്ച പട്ട് വിരിച്ച കുതിരയുടെ പുറത്തും, മകൾ ഭദ്രകാളി ചുവന്ന പട്ട് വിരിച്ച കുതിരയുടെ പുറത്തുമായാണ് പ്രത്യക്ഷപ്പെട്ടത്. പൂര ദിവസം പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും തിരുവായുധം എഴുന്നള്ളത്തിന് മുന്നിൽ എൻ്റെയും മകൾ ഭദ്രകാളി യുടെയും സങ്കല്പത്തിൽ പച്ചയും ചുവപ്പും നിറങ്ങളോടുകൂടിയ രണ്ട് അശ്വരഥങ്ങളെ ഉണ്ടാക്കി ഭക്തിയോടു കൂടി നഗരപ്രദക്ഷിണാർത്ഥം എഴുന്നള്ളിച്ചാൽ നാടിനും ജനങ്ങൾക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് അനുഗ്രഹിച്ച് ഇരുവരും അപ്രത്യക്ഷമായി. ഇതുമായി ബന്ധപ്പെട്ടാണ് പൂക്കോത്ത് കൊട്ടാരത്തിലെ പൂര ദിവസം തിരുവായുധം എഴുന്നള്ളത്തിൻ്റെ മുന്നിലായി അശ്വരഥങ്ങൾ നഗര പ്രദക്ഷിണം നടത്തി വരുന്നതിൻ്റെ ഐതിഹ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32299/pokooth-theru)