---
title: "നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വില്പനക്കായി സംഭരിച്ചു, മാലിന്യങ്ങൾ കത്തിച്ചു: സ്ഥാപനത്തിന് വൻ പിഴ ചുമത്തി"
english_title: "Banned plastic products were stored "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317443/banned-plastic-products-were-stored"
published_at: "2025-09-27T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d807be47264_news-card.jpg"
keywords: []
---

# നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വില്പനക്കായി സംഭരിച്ചു, മാലിന്യങ്ങൾ കത്തിച്ചു: സ്ഥാപനത്തിന് വൻ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വാടിക്കല്ലിൽ പ്രവർത്തിച്ചു വരുന്ന ന്യൂ ബസാർ സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ നിന്നും കേറ്ററിങ് സ്ഥാപനത്തിന് വിൽപ്പനയ്ക്കായി സംഭരിച്ചു വെച്ചിരുന്ന 300മില്ലി ലിറ്റർ അളവിലുള്ള 30 കെയ്‌സ് (900 എണ്ണം) പ്ലാസ്റ്റിക് കുപ്പിവെള്ളവും 62 കിലോ ഒറ്റ തവണ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളായ ക്യാരി ബാഗുകളും ഡിസ്പോസബിൾ പ്ലേറ്റുകളും, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയാണ് പിടികൂടിയത്.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വാടിക്കല്ലിൽ പ്രവർത്തിച്ചു വരുന്ന ന്യൂ ബസാർ സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ നിന്നും കേറ്ററിങ് സ്ഥാപനത്തിന് വിൽപ്പനയ്ക്കായി സംഭരിച്ചു വെച്ചിരുന്ന 300മില്ലി ലിറ്റർ അളവിലുള്ള 30 കെയ്‌സ് (900 എണ്ണം) പ്ലാസ്റ്റിക് കുപ്പിവെള്ളവും 62 കിലോ ഒറ്റ തവണ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളായ ക്യാരി ബാഗുകളും ഡിസ്പോസബിൾ പ്ലേറ്റുകളും, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയാണ് പിടികൂടിയത്.

സ്ഥാപനത്തിന്റെ സമീപത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനങ്ങൾ കൂടി കണ്ടെത്തിയത്. സ്ഥാപനത്തിന്റെ സമീപത്ത് പൊതു റോഡിനോട് ചേർന്ന് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സംഭരിച്ചു വെച്ചതിന് 10000 രൂപയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിനു 2500 രൂപയും സ്ഥാപനത്തിന് പിഴ ചുമത്തി.

പിടിച്ചെടുത്ത വസ്തുക്കൾ മാടായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317443/banned-plastic-products-were-stored)