---
title: "സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ പരിശോധന വ്യാപകമാക്കിയതായി പോലീസ്"
english_title: "Police "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317079/police"
published_at: "2025-09-25T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d566701b5ce_Police-Jeep.jpg"
keywords: []
---

# സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ പരിശോധന വ്യാപകമാക്കിയതായി പോലീസ്

> **Lead Summary:** കണ്ണൂർ: സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിന് ആളൊഴിഞ്ഞ പറമ്പുകളിലും ആൾപ്പാ ർപ്പില്ലാത്ത വീടുകളിലും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും നിരന്തരം റെയ്ഡുകൾ നടത്തിവരുന്നതായി ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ശ്വാനസേനയും ആധുനിക ഉപകരണങ്ങളോടുകൂടിയ ബോംബ് സ്‌ക്വാഡും പങ്കെടുക്കുന്നുണ്ട്.

## Article Content

കണ്ണൂർ: സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിന് ആളൊഴിഞ്ഞ പറമ്പുകളിലും ആൾപ്പാ ർപ്പില്ലാത്ത വീടുകളിലും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും നിരന്തരം റെയ്ഡുകൾ നടത്തിവരുന്നതായി ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ശ്വാനസേനയും ആധുനിക ഉപകരണങ്ങളോടുകൂടിയ ബോംബ് സ്‌ക്വാഡും പങ്കെടുക്കുന്നുണ്ട്.

ആൾപാർപ്പില്ലാത്ത സ്ഥലങ്ങളിൽ നിന്നും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കാൻ ആധുനിക ബോംബ് ഡിറ്റക്ഷൻ ഉപകരണങ്ങളും സ്‌നിഫർ നായ്ക്കളുടെ സേവനവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജില്ലാ പോലിസ് മേധാവി വിശദീകരണം.തലശ്ശേരി എരഞ്ഞോളിയിൽ 2024 ജൂൺ 18-ന് ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ തേങ്ങ പെറുക്കാൻ പോയ വേലായുധൻ (85) സ്റ്റീൽ ബോംബ് പൊട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിജനമായ സ്ഥലങ്ങളിൽ തിരച്ചിൽ നടത്താൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മരിച്ച വേലായുധന്റെ മകൻ കെ.കെ. ഹരീഷിന്റെ മൊഴി രേഖപ്പെടുത്തി തലശ്ശേരി പോലീസ് അന്വേഷണം നടത്തിവരികയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബോംബ് സ്‌ഫോടനത്തിൽ നിരപരാധിയായ ഒരാൾ മരിച്ച സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പോലീസ് ക്രിയാത്മക നടപടികൾ സ്വീകരിച്ചുവരുന്ന സാഹചര്യത്തിൽ കമ്മിഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317079/police)