---
title: "പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിലെ പ്രശ്നം: പൊതുമരാമത്ത് വകുപ്പ് അടിയന്തര യോഗം വിളിച്ചു"
english_title: "Pappinissery railway "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315639/pappinissery-railway"
published_at: "2025-09-18T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc29199eae4_img_2852.jpg"
keywords: []
---

# പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിലെ പ്രശ്നം: പൊതുമരാമത്ത് വകുപ്പ് അടിയന്തര യോഗം വിളിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി : **പാപ്പിനിശ്ശേരി–പിലാത്തറ കെ.എസ്.ടി.പി റോഡിലെ റെയിൽവേ മേൽപ്പാലത്തിൽ നിരന്തരം ടാറിംഗ് തകർന്നുവീഴുന്ന സാഹചര്യം ഗുരുതരമായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി ആരംഭിച്ചു.

## Article Content

**പാപ്പിനിശ്ശേരി : **പാപ്പിനിശ്ശേരി–പിലാത്തറ കെ.എസ്.ടി.പി റോഡിലെ റെയിൽവേ മേൽപ്പാലത്തിൽ നിരന്തരം ടാറിംഗ് തകർന്നുവീഴുന്ന സാഹചര്യം ഗുരുതരമായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി ആരംഭിച്ചു.

പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ എം.എൽ.എ കെ.വി. സുമേഷ് നിരവധി പ്രാവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ട് താൽക്കാലിക പരിഹാര നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ വീണ്ടും ടാറിംഗ് തകർന്ന സാഹചര്യത്തിൽ, താവം മേൽപ്പാലത്തിലും സമാന അവസ്ഥ നിലനിൽക്കുന്നതായി മനസ്സിലായപ്പോൾ എം.എൽ.എ കെ.വി. സുമേഷ്യും എം.വിജിൻ എം.എൽ.എയും ചേർന്ന് പൊതുമരാമത്ത് മന്ത്രിയെ കണ്ടു വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് നിയമസഭയിൽ ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം വിളിച്ചു. മേൽപ്പാലങ്ങളിൽ ഇടയ്ക്കിടെ കുഴികൾ രൂപപ്പെടുന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും ശാശ്വത പരിഹാരം കാണണമെന്നും യോഗത്തിൽ നിർദേശിച്ചു.

പാലക്കാട് ഐ.ഐ.ടി വിഭാഗം വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് തീരുമാനമായി. സെപ്റ്റംബർ 20-ന് എഞ്ചിനീയറിങ് വിഭാഗവും ടെക്നിക്കൽ ഉദ്യോഗസ്ഥരും ചേർന്ന് മേൽപ്പാലം സംയുക്തമായി പരിശോധിക്കും. ജനങ്ങളുടെ ആശങ്ക അകറ്റി കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുകയും തുടർന്ന് ഐ.ഐ.ടി റിപ്പോർട്ട് പ്രകാരം തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

2013-ൽ ഭരണാനുമതി ലഭിച്ച പാപ്പിനിശ്ശേരി–പിലാത്തറ കെ.എസ്.ടി.പി റോഡ് 2018-ലാണ് പൂർത്തിയായത്. ആർ.ഡി.എക്സ് ആണ് ഈ പ്രവൃത്തി നിർവഹിച്ചത്.

യോഗത്തിൽ എം.വിജിൻ എം.എൽ.എ, പൊതുമരാമത്ത് സെക്രട്ടറി ബിജു ഐ.എ.എസ്, പി.ഡി അഞ്ജന, സി.ഇ സുജ റാണി, ജെ.ഡി (കെ.എച്ച്.ആർ.ഐ) ഷെമി, ഡി.ഡി സോണി, ഡി.സി.ഇ (വിജിലൻസ്) ഹരീഷ് എന്നിവർ പങ്കെടുത്തു.

പെട്ടെന്നുതന്നെ യോഗം വിളിച്ച് നടപടി ആരംഭിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ അഭിനന്ദിക്കുന്നതായി എം.എൽ.എ കെ.വി. സുമേഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315639/pappinissery-railway)