---
title: "വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കാൻ ഹെൽപ്പ് ഡെസ്കുകൾ തുറന്ന് വനംവകുപ്പ്"
english_title: "help desk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/315026/help-desk"
published_at: "2025-09-15T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c82bec36f33_Untitled-2-web.jpg"
keywords: []
---

# വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കാൻ ഹെൽപ്പ് ഡെസ്കുകൾ തുറന്ന് വനംവകുപ്പ്

> **Lead Summary:** വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കാൻ ഹെൽപ്പ് ഡെസ്കുകൾ തുറന്ന് വനംവകുപ്പ്

## Article Content

വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കാൻ ഹെൽപ്പ് ഡെസ്കുകൾ തുറന്ന് വനംവകുപ്പ്

കണ്ണൂർ-ആറളം മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനംവകുപ്പ് റേഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നു. വന്യജീവി ആക്രമണം അതിരൂക്ഷമായ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സെപ്തംബർ 16 മുതൽ 30 വരെ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും.

വനംവകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള പരാതികളും, സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഹെൽപ്പ് ഡെസ്കുകൾ വഴി പൊതുജനങ്ങൾക്ക് സമർപ്പിക്കാം. ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 31-ന് ഉദ്ഘാടനം ചെയ്ത മൂന്ന് ഘട്ടങ്ങളിലായുള്ള തീവ്രയജ്ഞ പരിപാടിയുടെ ആദ്യപടിയാണ് ഈ നടപടി.

വിളനാശം, നഷ്ടപരിഹാരം വൈകുന്നത്, സുരക്ഷാഭീഷണി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ രേഖാമൂലം നൽകാൻ ഹെൽപ്പ് ഡെസ്കുകളിൽ സൗകര്യമുണ്ടാകും. പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് കൈമാറാനും തുടർനടപടികൾ സ്വീകരിക്കാനും ഇത് സഹായിക്കും.

വന്യജീവി സംഘർഷത്തെ 'സംസ്ഥാന സവിശേഷ ദുരന്തം' ആയി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെയാണു തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നത്.വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു. പൊതുജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂർ ഡിഎഫ്ഒ ജോസ് മാത്യു അറിയിച്ചു. ആദ്യ ഘട്ടത്തിൽ തളിപറമ്പ് റേഞ്ച് കീഴിൽ ചെറുപുഴ,ഉദയഗിരി,നടുവിൽ,പയ്യാവൂർ,ഉളിക്കൽ പഞ്ചായത്തുകളിൽ ആണ് ഹെൽപ്പ് ഡെസ്ക് തുടങ്ങുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/315026/help-desk)