---
title: "ഹൃദയഭൂമി’യിലേക്ക് ഒഴുകിയെത്തി ജനം"
english_title: "Mundakkai chooral mala "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305419/mundakkai-chooral-mala"
published_at: "2025-07-30T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889b6f8debc0_Screenshot_20250730_113616_Chrome.jpg"
keywords: []
---

# ഹൃദയഭൂമി’യിലേക്ക് ഒഴുകിയെത്തി ജനം

> **Lead Summary:** കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരെ സംസ്കരിച്ച ‘ജൂലൈ 30 ഹൃദയഭൂമി’യിലേക്ക് ഒഴുകിയെത്തി ജനം. ദുരന്തത്തിന് ഒരാണ്ട് തികയുന്ന ഇന്ന് അവരുടെ പ്രിയപ്പെട്ടവരെ അടക്കിയ സ്ഥലത്തേക്ക് ഉറ്റവരും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് എത്തിയത്. രാവിലെ മുതൽ തന്നെ ഹൃദയ ഭൂമിയിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വളരെ വൈകാരികമായ രം​ഗങ്ങൾക്കാണ് ഹൃദയഭൂമി സാക്ഷ്യം വഹിക്കുന്നത്. പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ തേങ്ങിക്കരഞ്ഞാണ് പലരും നിന്നത്. ആർക്കും ആശ്വാസം നൽകാനാവാത്ത കാഴ്ച്ചകളാണ് എങ്ങും കാണാനാവുന്നത്. ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴും ‌അതിൻ്റെ ആഘാതത്തിൽ നിന്ന് ഈ നാട്ടുകാർ മോചിതരായിട്ടില്ലെന്നതാണ് ഹൃദയഭൂമിയിൽ കാണുന്ന കാഴ്ച്ച.

## Article Content

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരെ സംസ്കരിച്ച ‘ജൂലൈ 30 ഹൃദയഭൂമി’യിലേക്ക് ഒഴുകിയെത്തി ജനം. ദുരന്തത്തിന് ഒരാണ്ട് തികയുന്ന ഇന്ന് അവരുടെ പ്രിയപ്പെട്ടവരെ അടക്കിയ സ്ഥലത്തേക്ക് ഉറ്റവരും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് എത്തിയത്. രാവിലെ മുതൽ തന്നെ ഹൃദയ ഭൂമിയിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വളരെ വൈകാരികമായ രം​ഗങ്ങൾക്കാണ് ഹൃദയഭൂമി സാക്ഷ്യം വഹിക്കുന്നത്. പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ തേങ്ങിക്കരഞ്ഞാണ് പലരും നിന്നത്. ആർക്കും ആശ്വാസം നൽകാനാവാത്ത കാഴ്ച്ചകളാണ് എങ്ങും കാണാനാവുന്നത്. ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴും ‌അതിൻ്റെ ആഘാതത്തിൽ നിന്ന് ഈ നാട്ടുകാർ മോചിതരായിട്ടില്ലെന്നതാണ് ഹൃദയഭൂമിയിൽ കാണുന്ന കാഴ്ച്ച.

അതേസമയം, ജനപ്രതിനിധികളുൾപ്പെടെ ഇവിടെയെത്തി സർവ്വമത പ്രാർത്ഥനയിൽ പങ്കെടുക്കും. അതിന് ശേഷം നടക്കുന്ന അനുസ്മരണ പരിപാടികളിലും പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്.

അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷകൾ പരിഗണിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഡിസംബർ 31ന് മുമ്പ് വീട് നിർമാണം പൂർത്തിയാക്കും. പുതുവർഷം പുതുനഗരത്തിലേക്കായിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. സർക്കാറിന്റെ ആത്മാർത്ഥതയെ പോലും ചോദ്യം ചെയ്യുന്ന വിമർശനങ്ങൾ ഉണ്ടായെന്നും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളിൽ സമ്മിശ്ര പ്രതികരണമാണെന്നും മന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീട് നിർമ്മാണത്തിനായി പണം പിരിച്ചവർ പരസ്പരം തർക്കിച്ചാൽ മതി. സർക്കാരിനെ അതിൽ വലിച്ചിഴക്കേണ്ട. സന്നദ്ധ സംഘടനകൾ എല്ലാം സർക്കാരുമായി സഹകരിക്കണെമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305419/mundakkai-chooral-mala)