---
title: "ബലാത്സംഗ കേസ്: കാഞ്ഞിലേരി സ്വദേശിയായ യുവ സംവിധായകനെ അറസ്റ്റ് ചെയ്തു"
english_title: "rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30265/rape-case"
published_at: "2022-03-07T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225acf394d7b_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# ബലാത്സംഗ കേസ്: കാഞ്ഞിലേരി സ്വദേശിയായ യുവ സംവിധായകനെ അറസ്റ്റ് ചെയ്തു

> **Lead Summary:** **കണ്ണൂർ : **യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സിനിമാ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാഞ്ഞിലേരി വലിയവീട്ടിൽ ലിജുവിനെ (ലിജു കൃഷ്ണ -30)യാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

## Article Content

**കണ്ണൂർ : **യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സിനിമാ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാഞ്ഞിലേരി വലിയവീട്ടിൽ ലിജുവിനെ (ലിജു കൃഷ്ണ -30)യാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

കണ്ണൂരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന, നിവിൻ പോളി, സണ്ണി വെയ്ൻ തുടങ്ങിയവർ അഭിനയിക്കുന്ന ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു. സിനിമ ചിത്രീകരണം നടക്കുമ്പോഴാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.

2020 ഡിസംബർ മുതൽ 2021 ജൂൺ വരെയുള്ള കാലത്ത് കാക്കനാട്ടെ ഫ്ലാറ്റിൽവെച്ചും എടത്തല, കണ്ണൂർ എന്നിവിടങ്ങളിൽവെച്ചും ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യെ ബന്ധപ്പെട്ടിരുന്നു.

ഡബ്ല്യു.സി.സി. ഭാരവാഹികൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദേശപ്രകാരം കേസെടുത്ത ഇൻഫോപാർക്ക് പേലീസ് യുവതിയേയും ഡബ്ല്യു.സി.സി. ഭാരവാഹികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ലിജുവിനെ പിടികൂടിയത്.

ഞായറാഴ്ച കണ്ണൂരിലെ ഷൂട്ടിങ്‌ ലൊക്കേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ‘പടവെട്ട്’ സിനിമയുടെ ചിത്രീകരണം ഒരാഴ്ചകൂടി ബാക്കിയുള്ളപ്പോഴാണ് സംവിധായകൻ അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30265/rape-case)