---
title: "അനധികൃത മണൽ ശേഖരണം: അഞ്ചു പേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "Illegal sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30064/illegal-sand-collection"
published_at: "2022-03-06T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224599ad56ac_download (13).jpg"
keywords: []
---

# അനധികൃത മണൽ ശേഖരണം: അഞ്ചു പേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **അനധികൃതമായി കടല്‍ മണല്‍ ശേഖരിച്ച് ചാക്കുകളിലാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നിന്നും അഞ്ചുപേരെ തളിപ്പറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തു. മൊറാഴ സ്റ്റംസ് കോളജിന് സമീപത്ത് വച്ച് നാട്ടുകാരും കോളജ് എന്‍.എസ്.എസ് പ്രവര്‍ത്തകരും ചേർന്നാണ് മണൽ കടത്ത് കണ്ടെത്തി പോലീസിനെ അറിയിച്ചത്.

## Article Content

**തളിപ്പറമ്പ്: **അനധികൃതമായി കടല്‍ മണല്‍ ശേഖരിച്ച് ചാക്കുകളിലാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നിന്നും അഞ്ചുപേരെ തളിപ്പറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തു. മൊറാഴ സ്റ്റംസ് കോളജിന് സമീപത്ത് വച്ച് നാട്ടുകാരും കോളജ് എന്‍.എസ്.എസ് പ്രവര്‍ത്തകരും ചേർന്നാണ് മണൽ കടത്ത് കണ്ടെത്തി പോലീസിനെ അറിയിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയില്‍ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കാതെ വാഹനങ്ങള്‍ മൊറാഴ സ്റ്റംസ് കോളജ് ഭാഗത്തേക്ക് വരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെ കോളജ് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാടുവെട്ടിത്തെളിക്കുമ്പോള്‍ ഇവിടെ മണല്‍ ശേഖരം ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.

തുടര്‍ന്ന് സ്റ്റംസ് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.സച്ചിന്‍, നാട്ടുകാരായ എ.വി ബാബു, വി.സി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ ചാക്കില്‍ പൂഴി നിറക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഇവര്‍ തളിപ്പറമ്പ് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇരിണാവ്, മട്ടുന്നൂര്‍ ഭാഗത്തുളളവരാണ് ഇതിനു പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഗ്രേഡ് എസ്.ഐ കെ.ജെ മാത്യുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് സംഘം അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ചാക്കുകളും അവ പിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന മെഷീനും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30064/illegal-sand-collection)