---
title: "പവർഗ്രിഡ് കോർപ്പറേഷൻ ഉന്നതോദ്യോഗസ്ഥർ കണ്ണൂർ മെഡിക്കൽ കോളേജ് സന്ദർശിച്ചു"
english_title: "kannur medical college news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29778/kannur-medical-college-news"
published_at: "2022-03-04T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222292cd5e3f_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# പവർഗ്രിഡ് കോർപ്പറേഷൻ ഉന്നതോദ്യോഗസ്ഥർ കണ്ണൂർ മെഡിക്കൽ കോളേജ് സന്ദർശിച്ചു

> **Lead Summary:** **കണ്ണൂർ (പരിയാരം) : **പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥർ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സന്ദർശിച്ചു.

## Article Content

**കണ്ണൂർ (പരിയാരം) : **പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥർ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സന്ദർശിച്ചു.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ റീജിയൺ സെന്ററിലെ ചീഫ് ജനറൽ മാനേജർ (എച്ച്.ആർ) മിതിലേഷ് കുമാർ, ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫീസിലെ ചീഫ് ജനറൽ മാനേജർ (എച്ച്.ആർ) ബി കെ മുണ്ടു, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ടി അവിനാഷ് എന്നിവരാണ് മെഡിക്കൽ കോളേജ് സന്ദർശിച്ച്, പ്രിൻസിപ്പാൾ ഡോ കെ അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ ഡി കെ മനോജ്, മെഡിക്കൽ കോളേജിലെ സെൻട്രൽ ഫണ്ട് സ്‌കീം നോഡൽ ഓഫീസർ ഡോ വിമൽ റോഹൻ, ആർ.എം.ഒ ഡോ എസ്.എം സരിൻ എന്നിവരുമായി ചർച്ച നടത്തിയത്.

കോവിഡ് ആദ്യഘട്ട വ്യാപന സാഹചര്യത്തിൽ വെന്റിലേറ്റർ ഉൾപ്പടെ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സി.എസ്.ആർ ഫണ്ടിൽ നിന്നും പവർഗ്രിഡ് കോർപ്പ റേഷൻ ഓഫ് ഇന്ത്യ ഒന്നരക്കോടി രൂപ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് അനുവദിച്ചിരുന്നു.

അന്ന് പാർലമെന്റ് അംഗമായിരുന്ന കെ.കെ രാഗേഷ് ഇടപെട്ടാണ് കോവിഡ് സമയത്ത് ഈ സ്ഥാപനത്തിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും മെഡിക്കൽ കോളേജിന് തുക ലഭ്യമാക്കിയത്. ആശുപത്രിയിലെ കോവിഡ് പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ ഉന്നതോദ്യോഗസ്ഥർ, ഇത്തരത്തിലുള്ള വികസനപ്രവർത്തനങ്ങൾക്ക് ഇനിയും സഹായം വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29778/kannur-medical-college-news)