---
title: " മൂത്തേടത്ത് എന്‍ എസ് എസിന്റെ  പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഇ.പി.മേഴ്‌സി"
english_title: "moothedath_nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29468/moothedath_nss"
published_at: "2022-03-03T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62204816ae528_moothedath_nss.jpg"
keywords: []
---

#  മൂത്തേടത്ത് എന്‍ എസ് എസിന്റെ  പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഇ.പി.മേഴ്‌സി

> **Lead Summary:** തളിപ്പറമ്പ: തളിപ്പറമ്പ മിനിസിവിൽ സ്റ്റേഷനിൽ സർക്കാർ സേവനങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാരുടെ സൗകര്യാർത്ഥം മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് വീൽചെയർ കൈമാറി.

## Article Content

തളിപ്പറമ്പ: തളിപ്പറമ്പ മിനിസിവിൽ സ്റ്റേഷനിൽ സർക്കാർ സേവനങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാരുടെ സൗകര്യാർത്ഥം മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് വീൽചെയർ കൈമാറി.

ശാരീരിക പരിമിതികൾ നേരിടുന്നവരുടെ പ്രശ്നങ്ങൾ സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തുക, ആവശ്യമായ പിന്തുണ സംവിധാനം ഒരുക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ആവിഷ്കരിച്ച PRABHA ( Persons with Disabilities Rehabilations and Basic Health Assistance ) എന്ന പദ്ധതി പ്രകാരമാണ് വീൽചെയർ കൈമാറിയത്.

ആക്രി ചാലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് വളണ്ടിയർമാർ വീൽചെയർ വാങ്ങി നല്കിയത് .

മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ നഗരത്തിലെ സർക്കാർ ഓഫീസുകളിലും സേവനങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാരുടെ ഇടയിലും ഇവർ നേരിടുന്ന പ്രയാസങ്ങളെ പറ്റി സർവ്വെ നടത്തുകയും ഇത് സംബസിച്ച് തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിവേദനം നല്കുകയും ചെയ്തിരുന്നു.

മിനി സിവിൽ സ്റ്റേഷനിൽ സേവനങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറികൾ സ്ഥാപിക്കുക, തളിപ്പറമ്പ വില്ലേജ് ഓഫീസിൽ റാമ്പ് സൗകര്യം ഏർപ്പെടുത്തുക, ഭിന്നശേഷിക്കാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, പ്രത്യേക മാർഗ്ഗരേഖകൾ, സൈൻ ബോർഡുകൾ സ്ഥാപിക്കുക, വരാന്തകൾ, ഓഫീസിനകത്തെ വഴികൾ ഇവ വീൽചെയർ സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് കെ.പി.രജിതയിൽ നിന്നും റവന്യൂ ഡിവിഷണൽ ഓഫീസർ ഇ.പി.മേഴ്സി വീൽചെയർ ഏറ്റുവാങ്ങി.

സമൂഹത്തിൽ അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഇ.പി.മേഴ്സി പറഞ്ഞു.

എൽ.എ ഡെപ്യൂട്ടി കളക്ടർ റീത ഗോമസ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, പി.സി സാബു, ബിന്ദു ചെറുവാട്ടൽ തുടങ്ങിയവർ സംസാരിച്ചു.കെ.ദീപ നന്ദി പറഞ്ഞു. വളണ്ടിയർമാരായ പി.വി.അമൽരാജ്, സി. സാഗര സജീവ്, ടി.പി.ഗൗതം ഗോവിന്ദ്‌, കെ.പി.ആർ. പാർവ്വതി, എ.എസ്.തീർത്ഥ,മീര ദിലീപ്, ഐ.സി. കാർത്തിക, സി.സനുഷ, അവിനാഷ് കാർത്തിക് , ജിഷ്ന മനോജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29468/moothedath_nss)