---
title: "വെജിറ്റബിള്‍ ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കി; പയ്യന്നൂരില്‍ ഹോട്ടലില്‍ അടിയോടടി "
english_title: "Chicken biryani served instead of vegetable biryani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29326/chicken-biryani-served-instead-of-vegetable-biryani"
published_at: "2022-03-02T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f21dbba335_hotel_payyannur.jpg"
keywords: []
---

# വെജിറ്റബിള്‍ ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കി; പയ്യന്നൂരില്‍ ഹോട്ടലില്‍ അടിയോടടി 

> **Lead Summary:** പയ്യന്നൂര്‍: വെജിറ്റബിള്‍ ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കിയത് മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ പയ്യന്നൂരിലെ ഹോട്ടലില്‍ അടിയോടടി.

## Article Content

പയ്യന്നൂര്‍: വെജിറ്റബിള്‍ ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കിയത് മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ പയ്യന്നൂരിലെ ഹോട്ടലില്‍ അടിയോടടി.

സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ മൈത്രി ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ വയോധികന് വെജ് ബിരിയാണിക്കു പകരം ചിക്കന്‍ ബിരിയാണി വിളമ്പി. താന്‍ വെജിറ്റബിള്‍ ബിരിയാണി ആണ് ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരനോട് മുന്നില്‍ വച്ച ബിരിയാണി മാറ്റിയെടുക്കാന്‍ പറഞ്ഞതോടെയാണ് സംഭവത്തിന് തുടക്കം.

ഈ സമയം സമീപത്തെ ടേബിളില്‍ ഊണ്‍ കഴിക്കുകയായിരുന്ന പാനൂര്‍ സ്വദേശികളായ സുമിത്ത്, സനൂപ് എന്നിവര്‍ ഇടപെട്ടു. ഹോട്ടല്‍ ഉടമയുമായി വാക്കേറ്റത്തിനിടെ വയോധികന്റെ ബിരിയാണിയുടെ പണം തരാമെന്ന് യുവാക്കള്‍ പറഞ്ഞത് ഉടമയെ പ്രകോപിപ്പിച്ചു.

ഇതോടെ വാക്കേറ്റവും കൂട്ടത്തല്ലിലും കലാശിച്ചു. ഹോട്ടല്‍ ഉടമക്കും ഭക്ഷണം കഴിക്കാനെത്തിയ യുവാവിനും പരിക്കേറ്റു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഒടുവില്‍ പോലിസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ഭക്ഷണം കഴിച്ച് കൈ പോലും കഴുകന്‍ അനുവദിക്കാതെ ഉടമയും സഹോദനും മര്‍ദ്ദിച്ചെന്നാണ് യുവാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അടിപിടിക്കിടെ ഹോട്ടല്‍ ഉടമക്കും പരിക്കേറ്റിട്ടുണ്ട്.

എസ്.ഐ. പി.വിജേഷിന്റെ നേതൃത്വത്തില്‍ പോലിസ് ഹോട്ടലിലെത്തി നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് ഇരുകൂട്ടരോടും അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29326/chicken-biryani-served-instead-of-vegetable-biryani)