---
title: "വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292449/rainy_updates"
published_at: "2025-05-27T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68354167b131d_OIP.jpg"
keywords: []
---

# വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** കോഴിക്കോട്: ശക്തമായകാറ്റിൽ ഫറോക്ക്-കല്ലായി സ്റ്റേഷനുകൾക്കുമധ്യേ മീഞ്ചന്ത അരീക്കാട് ആനറോഡിനുസമീപം പാളത്തിലേക്ക് മരങ്ങളും വീടിന്റെ മേൽക്കൂരയിലെ കൂറ്റൻഷീറ്റും വീണ് ട്രെയിൻഗതാഗതം പൂർണമായി തടസ്സപ്പെട്ടു.

## Article Content

കോഴിക്കോട്: ശക്തമായകാറ്റിൽ ഫറോക്ക്-കല്ലായി സ്റ്റേഷനുകൾക്കുമധ്യേ മീഞ്ചന്ത അരീക്കാട് ആനറോഡിനുസമീപം പാളത്തിലേക്ക് മരങ്ങളും വീടിന്റെ മേൽക്കൂരയിലെ കൂറ്റൻഷീറ്റും വീണ് ട്രെയിൻഗതാഗതം പൂർണമായി തടസ്സപ്പെട്ടു.

അപകടമുണ്ടായസ്ഥലത്തിന് 200 മീറ്ററോളം അകലെ തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് നിർത്താനായതിനാൽ വൻദുരന്തം ഒഴിവായി. ഇരുപാളങ്ങളിലും തടസ്സമുണ്ടായതിനാൽ മൂന്നുമണിക്കൂറിലേറെ തീവണ്ടികൾ വൈകി.

വൈകീട്ട് 6.55-നാണ് ചുഴലിക്കാറ്റുപോലെ അതിശക്തമായ കാറ്റ് വീശിയടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടിന്റെ മേൽക്കൂരയിലെ കൂറ്റൻ അലൂമിനിയം ഷീറ്റ് വൈദ്യുതലൈനിലേക്കുവീണ് തീപ്പൊരിയുയർന്നു. സമീപത്തെ മൂന്നുമരങ്ങളും ട്രാക്കിലേക്കുവീണു. നാട്ടുകാർ സിഗ്നൽകാണിച്ച് വണ്ടിനിർത്തിയതും വൈദ്യുതിവിച്ഛേദിക്കപ്പെട്ടപ്പോൾ ട്രെയിനിന്റെ വേഗം കുറഞ്ഞതുംമൂലമാണ് വൻദുരന്തം ഒഴിവായത്.

ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്ടുനിന്ന് സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷിൻ്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും വൈദ്യുതലൈൻ അറ്റകുറ്റപ്പണിനടത്തുന്നതിനുള്ള ഒഎച്ച്ഇ ഇൻസ്പെക്ഷൻകാരും സ്ഥലത്തെത്തി. രണ്ടാംട്രാക്കിലേക്കുവീണ മരക്കൊമ്പുകൾ മുറിച്ചുനീക്കി. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് രാത്രി 10 മണിയോടെ മംഗലാപുരം-തിരുവനന്തപുരം എക്സ‌്പ്രസ് കടത്തിവിട്ടു. മേൽക്കൂരവീണ ട്രാക്കിലെ തടസ്സം ചൊവ്വാഴ്‌ചമാത്രമേ നീക്കാനാവൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292449/rainy_updates)