---
title: "ഹരിദാസ് വധക്കേസ്; വെട്ടിവീഴ്ത്തിയത് ആറുപേര്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കുളള മൂന്നു പേര്‍ കൂടി അറസ്റ്റില്‍"
english_title: "haridas-murder-case-three-more-people-have-been-arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29078/haridas-murder-case-three-more-people-have-been-arrested"
published_at: "2022-03-01T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621db9b61aae4_haridas_murder_case.jpg"
keywords: []
---

# ഹരിദാസ് വധക്കേസ്; വെട്ടിവീഴ്ത്തിയത് ആറുപേര്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കുളള മൂന്നു പേര്‍ കൂടി അറസ്റ്റില്‍

> **Lead Summary:** തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ടു പങ്കുളള മൂന്ന് പേർ കൂടി അറസ്റ്റിൽ. ബിജെപി പ്രവർത്തകരായ പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനു പിന്നിൽ ആറംഗ സംഘമാണെന്നാണ് പൊലീസ് പറയുന്നത്.

## Article Content

തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ടു പങ്കുളള മൂന്ന് പേർ കൂടി അറസ്റ്റിൽ. ബിജെപി പ്രവർത്തകരായ പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനു പിന്നിൽ ആറംഗ സംഘമാണെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ ബിജെപി നേതാവും കൗൺസിലറുമായ ലിജേഷ്, ബിജെപി പ്രവർത്തകരായ കെ വി വിമിൻ, അമൽ മനോഹരൻ, സുനേഷ് എന്നീ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഹരിദാസിനെ ആക്രമിച്ചത് ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കണ്ണൂർ സിറ്റി അഡീഷണൽ എസ്പി പ്രിൻസ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഫെബ്രുവരി 21നാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ബൈക്കുകളിലെത്തിയ ഒരു സംഘം കുടുംബത്തിന് മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. വീടിന് സമീപം പതിയിരുന്ന സംഘം വടിവാളും മഴുവും കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29078/haridas-murder-case-three-more-people-have-been-arrested)