---
title: "അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പി.ജി.മനു മരിച്ച നിലയിൽ"
english_title: "PGManu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283202/pgmanu"
published_at: "2025-04-13T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb7dc7ced6c_1000434458.jpg"
keywords: []
---

# അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പി.ജി.മനു മരിച്ച നിലയിൽ

> **Lead Summary:** നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ച നിലയിൽ. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന കൊല്ലത്തെ വാടക വീട്ടിലാണ് മനുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബലാൽസംഗക്കേസിൽ കർശന ഉപാധികളോടെ മാർച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.

## Article Content

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ച നിലയിൽ. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന കൊല്ലത്തെ വാടക വീട്ടിലാണ് മനുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബലാൽസംഗക്കേസിൽ കർശന ഉപാധികളോടെ മാർച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.

2018ൽ താൻ ഇരയായ പീഡനക്കേസിന്റെ നിയമവഴികൾ ചർച്ചചെയ്യാൻ 2024 ഒക്ടോബർ 9 നാണ് ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായിരുന്ന മനുവിനെ യുവതി സമീപിക്കുന്നത്. ഒക്ടോബർ 9 ന് അച്‌ഛനും അമ്മയ്ക്കും ഒപ്പം മനുവിൻ്റെ കടവന്ത്ര ഓഫിസിൽ എത്തിയ തന്നെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചു. കേസിന്റെ കാര്യങ്ങൾ ചോദിച്ചറിയേണ്ടതിനാൽ മാതാപിതാക്കളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടശേഷം വാതിൽ അടച്ചിട്ടായിരുന്നു പീഡനമെന്നും പരാതിയിൽ പറയുന്നു. കേസിൽ ഇരയായ താൻ പ്രതിസ്‌ഥാനത്ത് എത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി തന്നെ ഭയപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്.

വാട്സാപ് കോളും ചാറ്റുംവഴി അശ്ളീല സംഭാഷണം തുടർന്ന പ്രതി പിന്നീട് ഒക്ടോബർ പതിനൊന്നിനും കേസുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി പീഡനശ്രമം തുടർന്നെന്നും മറ്റൊരിക്കൽ മാതാപിതാക്കളും സഹോദരനും വീട്ടിൽ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതി വാതിൽ തള്ളിത്തുറന്ന് അകത്തുകയറി തന്നെ ബലാൽസംഗം ചെയ്തെന്നും യുവതി പരാതിയിൽ പറഞ്ഞു. പീഡനത്തിന് പുറമെ തന്റെ സ്വകാര്യ ദൃശ്യങ്ങൾ മനു പകർത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ മനു ഒളിവിൽ പോയി. തുടർന്ന് മനുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി മനുവെത്തി. എന്നാൽ ജാമ്യാപേക്ഷ റദ്ദാക്കിയ സുപ്രീംകോടതി മനുവിനോട് പത്തുദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു. തുടർന്നാണ് മനു സീനിയർ ഗവൺമെന്റ് പ്ലീഡർ ജോലി രാജിവച്ച് പൊലീസിൽ കീഴടങ്ങിയത്.

മാർച്ച് അവസാനം പ്രമേഹ രോഗം വർധിച്ചതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിൽ സ്റ്റീൽ ഇട്ട സ്‌ഥലത്ത് പഴുപ്പ് ഉണ്ടെന്നും ചൂണ്ടികാട്ടിയാണ് മനു വീണ്ടും ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കഴിയുംവരെ ചോറ്റാനിക്കര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്. പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം എന്നീ വ്യവസ്ഥഥകളോടെ ഹൈക്കോടതി മനുവിന് ജാമ്യം അനുവദിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283202/pgmanu)