---
title: "ബിജെപി കൗൺസിലർ പ്രകോപന പ്രസംഗം നടത്തി, കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെ: എം.വി ജയരാജൻ"
english_title: "mv jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27522/mv-jayarajan"
published_at: "2022-02-21T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621331e522fd3_download (11).jpg"
keywords: []
---

# ബിജെപി കൗൺസിലർ പ്രകോപന പ്രസംഗം നടത്തി, കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെ: എം.വി ജയരാജൻ

> **Lead Summary:** **തലശേരി: **സി.പി.എം പ്രവർത്തകനായ ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് തിരിച്ചുവരവേ പതിയിരുന്ന് ആക്രമിച്ചാണ് ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയതെന്നും ജയരാജൻ പറഞ്ഞു.

## Article Content

**തലശേരി: **സി.പി.എം പ്രവർത്തകനായ ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് തിരിച്ചുവരവേ പതിയിരുന്ന് ആക്രമിച്ചാണ് ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയതെന്നും ജയരാജൻ പറഞ്ഞു.

തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗൺസിലർ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസംഗവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസുകാരാണ്. അദ്ദേഹത്തിന്റെ ഇടതുകാല് മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റിയ നിലയിലാണ്.

നിരവധി വെട്ടുകളാണ് മൃതദേഹത്തിലുള്ളത്. ഇത്തരത്തിലൊരു കൊലപാതകം നടക്കാനുള്ള പ്രശ്നങ്ങളൊന്നും തലശേരിയിലില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പ്രദേശത്തെ ഒരു വിഷയവുമായി ബന്ധപ്പെട്ട് തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗൺസിലറുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സി.പി.എം പ്രവർത്തകരെ കൈകാര്യം ചെയ്യും എന്നാണ് കൗൺസിലർ പ്രസംഗത്തിൽ പറയുന്നത്. ബി.ജെ.പിയുടെ ഉയർന്ന നേതാവാണ് ഈ കൗൺസിലർ. രണ്ട് വർഷത്തിനിടയിൽ പത്താമത്തെ സി.പി.എം പ്രവർത്തകന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുക മാത്രമാണ് സി.പി.എം ചെയ്തത്. ഹരിദാസന്റെ കൊലപാതകത്തിനെതിരെ സി.പി.എം ജില്ലയിലുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27522/mv-jayarajan)