---
title: "കഞ്ചാവുമായി വിവിധ ഇടങ്ങളിലായി ഏഴ് യുവാക്കളെ പിടികൂടി, വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും  "
english_title: "Thalipparamb police "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273901/thalipparamb-police"
published_at: "2025-03-02T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3f0276fa93_Screenshot_20250228_171825_Google.jpg"
keywords: []
---

# കഞ്ചാവുമായി വിവിധ ഇടങ്ങളിലായി ഏഴ് യുവാക്കളെ പിടികൂടി, വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും  

> **Lead Summary:** തളിപ്പറമ്പ്: കഞ്ചാവ്-ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെയും സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കിയതായി തളിപ്പറമ്പ് പോലീസ്. 8 കേസുകളാണ് ഇന്നലെ മാത്രം പോലീസ് രജിസ്റ്റര്‍ ചെയ്തത്.

## Article Content

തളിപ്പറമ്പ്: കഞ്ചാവ്-ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെയും സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കിയതായി തളിപ്പറമ്പ് പോലീസ്. 8 കേസുകളാണ് ഇന്നലെ മാത്രം പോലീസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.45 ന് പറശിനിക്കടവ് കെ.കെ.റസിഡന്‍സിക്ക് മുന്‍വശം കഞ്ചാവ് ബീഡിവലിച്ചതിന് കുറ്റ്യേരി ജുമാമസ്ജിദിന് സമീപത്തെ മാടാളന്‍ മീത്തല്‍ വീട്ടില്‍ എം.എം.അബ്ദുള്‍മജീദ്(34)നെ ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണ് പിടികൂടി കേസെടുത്തത്.

വൈകുന്നേരം 5.55 ന് തളിപ്പറമ്പ് എല്‍.ഐ.സി ഓഫീസിന് സമീപം വെച്ച് കഞ്ചാവ് ബീഡിവലിച്ച തളിപ്പറമ്പ് മുക്കോലയിലെ പള്ളക്കന്‍ വീട്ടില്‍ മുഹമ്മദ് ഫര്‍ഹാന്‍(22)നെ എസ്.ഐ വല്‍സരാജന്‍ ചേരമ്പേത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

രാത്രി 8.15 ന് തൃച്ചംബരത്തുവെച്ച് നെല്ലിപ്പറമ്പ് നിലംപതി റോഡിലെ കുന്നുംപുറത്ത് വീട്ടില്‍ കെ.മുഹമ്മദ് ഷഹല്‍(23) നെ കഞ്ചാവ് ബീഡിവലിക്കുന്നതിനിടെ എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

രാത്രി എട്ടരക്ക് പെട്രോള്‍പമ്പിന് സമീപം വെച്ച് കഞ്ചാവ് ബീഡിവലിച്ച താഴെ ചൊറുക്കളയിലെ കിഴക്കുമ്പാട് പുതിയപുരയില്‍ കെ.പി.മുഹമ്മദ് മിഷാല്‍(21)നെയും പിടികൂടി.

രാത്രി 9.40 ന് തളിപ്പറമ്പ് നാഷണല്‍ ഇലക്ട്രോണിക്‌സിന് സമീപം വെച്ചാണ് ഇന്‍സപെക്ടര്‍ ഷാജി പട്ടേരി ചപ്പാരപ്പടവ് ശാന്തിഗിരി ഹൈഷര്‍ പാണ്ട ഷോപ്പിന് സമീപത്തെ മാട്ടറക്കല്‍ വീട്ടില്‍ എം.സുഫൈലിനെ(21) കഞ്ചാവ് ബീഡിവലിച്ചതിന് പിടികൂടിയത്.

രാത്രി 9.35 നാണ് പൂക്കോത്ത്നട എല്‍.ഐ.സി ഓഫീസിന് സമീപത്തുവെച്ച് 20 ഗ്രാം കഞ്ചാവുമായി കുറുമാത്തൂര്‍ ചൊറുക്കള ബാവുപ്പറമ്പ് റോഡിലെ ഫിഫോസ് മന്‍സിലില്‍ സി.എം.സഗീറിനെ(25) എസ.ഐ വല്‍സരാജന്‍ ചേരമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

രാത്രി പത്തിന് തളിപ്പറമ്പ് മല്‍സ്യ മാര്‍ക്കറ്റിന് സമീപംവെച്ച് കഞ്ചാവ് ബീഡി വലിച്ച ഉത്തര്‍ഖണ്ഡ് സ്വദേശി രാജ്മിയ(25)ന്റെ പേരിലും പോലീസ് കേസെടുത്തു.അടുത്ത ദിവസങ്ങളിലും നടപടിശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273901/thalipparamb-police)