---
title: "ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളിക്കൽ:  മയ്യിലിൽ വിജയകരമായി പൂർത്തീകരിച്ചു"
english_title: "Drone spraying: Successfully completed in May"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26653/drone-spraying-successfully-completed-in-may"
published_at: "2022-02-16T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c8bf84f171_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളിക്കൽ:  മയ്യിലിൽ വിജയകരമായി പൂർത്തീകരിച്ചു

> **Lead Summary:** കൃഷി നശിപ്പിക്കുന്ന വന്യജീവികളെയും പക്ഷികളെയും കീടങ്ങളെയും അകറ്റുന്ന ജൈവലായനി നെല്ലിക്കപ്പാലം വയലിൽ പ്രയോഗിച്ചു. കൃഷിവകുപ്പിന്റെ സഹായത്തോടെയുള്ള വിത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നെല്ലിക്കപ്പാലം വയലിലെ 36 ഏക്കർ കൃഷിയിടത്തിലാണ് ഡ്രോണുപയോഗിച്ച് ലായനി തളിച്ചത്.

## Article Content

കൃഷി നശിപ്പിക്കുന്ന വന്യജീവികളെയും പക്ഷികളെയും കീടങ്ങളെയും അകറ്റുന്ന ജൈവലായനി നെല്ലിക്കപ്പാലം വയലിൽ പ്രയോഗിച്ചു. കൃഷിവകുപ്പിന്റെ സഹായത്തോടെയുള്ള വിത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നെല്ലിക്കപ്പാലം വയലിലെ 36 ഏക്കർ കൃഷിയിടത്തിലാണ് ഡ്രോണുപയോഗിച്ച് ലായനി തളിച്ചത്.

മയ്യിൽ പഞ്ചായത്തിൽ 583 ഏക്കർ സ്ഥലത്ത് കമ്പനിയുടെ അംഗങ്ങൾ നെൽക്കൃഷി ചെയ്യുന്നുണ്ട്. കാട്ടാനകളും കാട്ടുപന്നികളും ഉൾപ്പെടെയുള്ള വന്യജീവികളെയും പക്ഷികളെയും കൃഷിയിടത്തിൽനിന്ന് അകറ്റാൻ സഹായിക്കുന്ന ‘ഹെർബോലിവ് പ്ലസ്’ എന്ന ജൈവലായനിയാണ് ഇവിടെ തളിച്ചത്.

തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഈ ജൈവലായനി, ഈറോഡ് ഗോപിച്ചെട്ടി പാളയത്തുള്ള ‘മിവിപ്രോ’ എന്ന കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതും പ്രയോഗിക്കുന്നതും. ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് ഈ നൂതനമാർഗം സ്വീകരിച്ചത്. വന്യജീവികളെ അകറ്റുന്ന ഗന്ധമുള്ള ഈ ലായനി 2016-ലാണ് വികസിപ്പിച്ചത്.

തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളിൽ നേരത്തേ ഇത് ഡ്രോൺ ഉപയോഗിച്ച് പ്രയോഗിച്ചിരുന്നുവെങ്കിലും കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായാണ് പ്രയോഗിക്കുന്നതെന്ന് കമ്പനിയുടെ ക്ലസ്റ്റർ ഡെവലപ്മെന്റ് മാനേജർ സി.ജഗദീശൻ പറഞ്ഞു. പാലക്കാട് ജില്ലയിൽ പല പാടശേഖരങ്ങളിലും ഈ മാർഗം വിജയകരമായി പരീക്ഷിച്ചിരുന്നു.

10 മിനുട്ടുകൊണ്ട് ഒരേക്കർ സ്ഥലത്ത് തളിക്കാം. ഇത്രയും സ്ഥലത്തേക്ക് ഏഴുലിറ്റർ ലായനി വേണം. ഒരു കൃഷിയിടത്തിൽ നാലു തവണ തളിക്കേണ്ടിവരും. ആറ് കിലോഗ്രാം തൂക്കമുള്ള ഡ്രോണിൽ 10 ലിറ്റർ ലായനി ശേഖരിക്കാം. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് ഡ്രോൺ. 10 മിനുട്ടുവരെ ബാറ്ററിയിൽ ചാർജ് നിൽക്കും. പിന്നീട് ബാറ്ററി മാറ്റണം.

ഒരു ബാറ്ററി ചാർജ് ചെയ്യാൻ കാൽമണിക്കൂർ മതി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട്‌ ജോർജ്, മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ന, കൃഷി ഡെപ്യൂട്ടി ഡയരക്ടർമാരായ ജോസഫ് ജോഷി വർഗീസ്, സി.വി.ജിതേഷ്, അസി. ഡയരക്ടർ കെ.കെ.ആദർശ്, കൃഷി ഓഫീസർമാരായ ഇ.പ്രമോദ്, എസ്.പ്രമോദ്, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എം.ഡി. ടി.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കാട്ടുപന്നികളെയും മറ്റ് വന്യജന്തുക്കളെയും അകറ്റുന്ന സസ്യങ്ങളുടെ നീരുപയോഗിച്ചാണ് ഈ ലായനി തയ്യാറാക്കുന്നത്. ജന്തുക്കളെ മാത്രമല്ല, കൃഷി നശിപ്പിക്കുന്ന കീടങ്ങളെയും അകറ്റുന്നതിനാൽ മറ്റ് രാസകീടനാശിനികൾ തളിക്കേണ്ടതില്ല. രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്തതിനാൽ മണ്ണിന്റെ ജൈവാംശങ്ങൾ നഷ്ടപ്പെടുകയുമില്ല. ചെടി ഉണങ്ങിക്കഴിഞ്ഞാൽ ലായനി നിർവീര്യമാകും. വൈക്കോൽ കന്നുകാലികൾക്ക് നൽകുയുമാകാം. ഒൻപത് ലിറ്റർ വെള്ളത്തിൽ ഒരു ലിറ്റർ ഹെർബോലിവ് പ്ലസ് എന്നതാണ് അനുപാതം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26653/drone-spraying-successfully-completed-in-may)