---
title: "പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ശിക്ഷ നാളെ"
english_title: "Parashala Sharon murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263985/parashala-sharon-murder-case"
published_at: "2025-01-17T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789f3eba13c9_Untitled-2-web.jpg"
keywords: []
---

# പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ശിക്ഷ നാളെ

> **Lead Summary:** **തിരുവനന്തപുരം: **പാറശാലയില്‍ കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **പാറശാലയില്‍ കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ഗൂഢാലോചനക്കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാംപ്രതി സിന്ധുവിനെ വെറുതെ വിട്ടത്.

തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 

ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു.

പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. ഫൊറന്‍സി ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263985/parashala-sharon-murder-case)