---
title: "വീട്ടുകാർ ഉറങ്ങി കിടക്കവേ വീടിന് തീ പിടിച്ചു, അടുക്കള പൂർണമായും കത്തി നശിച്ചു"
english_title: "fire at home in sreekandapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26294/fire-at-home-in-sreekandapuram"
published_at: "2022-02-14T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209e186e5ac2_Untitled-2 web.jpg"
keywords: []
---

# വീട്ടുകാർ ഉറങ്ങി കിടക്കവേ വീടിന് തീ പിടിച്ചു, അടുക്കള പൂർണമായും കത്തി നശിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം: **ഇന്ന് പുലർച്ചെ 4.00ക്ക് വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിന് തീപിടിച്ചു. പഴയങ്ങാടി പള്ളിപ്പാട് ഖദീജയുടെ വീടിനാണ് തീപിടുത്തമുണ്ടായത്. അടുക്കള പൂര്‍ണമായും കത്തിനിശിച്ചു. വീട്ടിലുള്ള ഒരാൾ ഉറങ്ങാത്തതിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്. ഒന്നരലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം.

## Article Content

**ശ്രീകണ്ഠാപുരം: **ഇന്ന് പുലർച്ചെ 4.00ക്ക് വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിന് തീപിടിച്ചു. പഴയങ്ങാടി പള്ളിപ്പാട് ഖദീജയുടെ വീടിനാണ് തീപിടുത്തമുണ്ടായത്. അടുക്കള പൂര്‍ണമായും കത്തിനിശിച്ചു. വീട്ടിലുള്ള ഒരാൾ ഉറങ്ങാത്തതിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്. ഒന്നരലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം.

പഴയങ്ങാടി സി.എച്ച്.നഗറിലെ പള്ളിപ്പാത്ത് ഖദീജയുടെ തറവാട് വീടിനാണ് തീപിടിച്ചത്. തീപിടിച്ച് മേല്‍പ്പുരയിലെ ഓടുകളും കഴുക്കോലുകളും ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ടാണ് താമസക്കാര്‍ ഉണര്‍ന്നത്. ഉടന്‍തന്നെ വീട്ടിലുള്ള ഒന്‍പത് അംഗങ്ങളില്‍ എല്ലാവരേയും പുറത്തേക്ക് മാറ്റിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

പോലീസില്‍ വിവരമറിയിച്ചത്പ്രകാരം തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സേനാംഗങ്ങളാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അടുക്കളയുടെ മേല്‍പ്പുരയും ഫ്രിഡ്ജ്, മിക്‌സി ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, ഗ്യാസടുപ്പ് മറ്റ് ഫര്‍ണിച്ചറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാം ചാമ്പലായി. അഗ്നിശമനസേന എത്തിയ ഉടനെ പാചകവാതക സിലിണ്ടര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കാരണം കൂടുതല്‍ അപകടമുണ്ടായില്ല. അഗ്നിശമനസേനാംഗങ്ങളായ രജിത്ത്കുമാര്‍, മനോജ്, സുധീഷ്, നന്ദഗോപാലന്‍ എന്നിവരാണ് തീകെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26294/fire-at-home-in-sreekandapuram)