---
title: "തളിപ്പറമ്പിൽ ഏത് കടയിലും പ്ലാസ്റ്റിക് സഞ്ചി സുലഭം: പ്ലാസ്റ്റിക് നിരോധനം കടലാസിൽ മാത്രം"
english_title: "plastic cover issues at thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25835/plastic-cover-issues-at-thalipparamb"
published_at: "2022-02-11T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62065621981d9_7885cad8-ad64-49ff-aa07-984960cb2bc9.jpg"
keywords: []
---

# തളിപ്പറമ്പിൽ ഏത് കടയിലും പ്ലാസ്റ്റിക് സഞ്ചി സുലഭം: പ്ലാസ്റ്റിക് നിരോധനം കടലാസിൽ മാത്രം

> **Lead Summary:** **തളിപ്പറമ്പ്: **പ്ലാസ്റ്റിക്‌ ബാഗുകൾ നിരോധിച്ച നഗരസഭയാണിതെന്ന് രേഖകൾ പറയും. യോഗം ചേർന്ന് നഗരസഭാ കൗൺസിലർമാർ ചർച്ചചെയ്ത്‌ ഐകകണ്ഠ്യേന അംഗീകരിച്ച വിഷയം കൂടിയാണ് പ്ലാസ്റ്റിക്‌ കാരിബാഗുകളുടെ വില്പനയും ഉപയോഗവും. അതേസമയം നഗരസഭയിലെ ഏതൊരു കടയിൽ ചെന്നാലും പ്ലാസ്റ്റിക് സഞ്ചികൾ കിട്ടും.

## Article Content

**തളിപ്പറമ്പ്: **പ്ലാസ്റ്റിക്‌ ബാഗുകൾ നിരോധിച്ച നഗരസഭയാണിതെന്ന് രേഖകൾ പറയും. യോഗം ചേർന്ന് നഗരസഭാ കൗൺസിലർമാർ ചർച്ചചെയ്ത്‌ ഐകകണ്ഠ്യേന അംഗീകരിച്ച വിഷയം കൂടിയാണ് പ്ലാസ്റ്റിക്‌ കാരിബാഗുകളുടെ വില്പനയും ഉപയോഗവും. അതേസമയം നഗരസഭയിലെ ഏതൊരു കടയിൽ ചെന്നാലും പ്ലാസ്റ്റിക് സഞ്ചികൾ കിട്ടും.

ടൗണിലൂടെ സാധനങ്ങളുമായി പോകുന്നവരുടെ കൈകളിൽ ഒന്നിലേറെ പ്ലാസ്റ്റിക്‌ ബാഗുകളുണ്ടാകും. വഴിയോര കച്ചവടക്കാരെപ്പോലും ഈ വിഷയത്തിൽ നിയന്ത്രിക്കാൻ അധികൃതർക്കാകുന്നില്ല.

നിരോധനത്തിന്റെ തുടക്കത്തിൽ ബോധവത്കരണവും കടകളിൽ കയറി പ്ലാസ്റ്റിക്‌ കാരിബാഗുകൾ കസ്റ്റഡിയിലെടുക്കലും ജാഗ്രതയോടെ നടന്നിരുന്നു. നഗരസഭാ തീരുമാനം ലംഘിച്ച വ്യാപാരികൾക്ക് പിഴയടയ്ക്കേണ്ടിയും വന്നു. ചിലർ ഒളിപ്പിച്ചുവെച്ചും മറ്റുമാണ് പ്ലാസ്റ്റിക്‌ സഞ്ചികളിൽ സാധനങ്ങൾ നൽകിയത്. എന്നാലിപ്പോൾ അത്തരം ഭയമൊന്നും കാണാനില്ല.

നഗരസഭാധികാരികൾ നടപടികളെടുക്കാറുമില്ല. കോവിഡ് സമയത്താണ് ഇളവുകളുണ്ടായതെന്നാണ് പറയുന്നത്. ഇനി നടപടികൾ കടുപ്പിക്കുമെന്നും ബോധവത്കരണ സ്റ്റിക്കറുകൾ കടയിൽ പതിക്കുമെന്നും പ്ലാസ്റ്റിക്‌ ബാഗുകൾ വില്പന തടയാനായി പ്രത്യേക സംഘത്തെയൊരുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25835/plastic-cover-issues-at-thalipparamb)