പുതുവര്‍ഷത്തെ പുതിയപ്രതീക്ഷകള്‍ പങ്കുവെച്ചും വിദ്യാര്‍ഥികളുടെ ഭാവി ആശങ്കകള്‍ കേട്ടുമുള്ള മേയര്‍ മുസ്‌ലിഹ് മഠത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'മേയര്‍ ഇന്‍ കാംപസ്' പരിപാടി വേറിട്ടതായി. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണ ക്യാമ്പയിനു തുടക്കംകുറിച്ചാണ് കാംപസുകളില്‍ പര്യടനം ആരംഭിച്ചത്.
പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ വനിത കോളജില്‍ ആരംഭിച്ച പര്യടനം മേയര്‍ മുസ്‌ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയം ഗ്ലോബല്‍ ജോബ് ഫെയറിലൂടെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് മേയര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. ഇതുകൂടാതെ സര്‍ക്കാരുമായി സഹകരിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ നാട്ടില്‍ തന്നെ പാര്‍ട് ടൈം ജോലി സാധ്യത കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു. പുതിയ കാലത്തെ തൊഴിലിടങ്ങളില്‍ വേണ്ട മാറ്റങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ മേയറുമായി പങ്കുവെച്ചു. കണ്ണൂര്‍ സിറ്റി ജാമിഅ ഹംദര്‍ദ് കോളജിലായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും നാട്ടിലെ മാന്യമായ ശമ്പളത്തില്‍ ജോലി ലഭിക്കുന്നില്ലെന്ന് മൂന്നാംവര്‍ഷ ബി കോം വിദ്യാര്‍ഥി സി എച്ച് ഷഹദ പറഞ്ഞു. പഠനത്തോടൊപ്പം ജോലിയൊരുക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നായിരുന്നു മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ബിന്‍ ബഷീറിനു പങ്കുവെക്കാനുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ എല്ലാ ആശങ്കകള്‍ക്കും ഗ്ലോബല്‍ ജോബ് ഫെയറിലൂടെ പരിഹാരം ഉറപ്പാക്കുമെന്നായിരുന്നു മേയറുടെ മറുപടി. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് പള്ളിക്കുന്ന് വനിതാ കോളജിലും കണ്ണൂര്‍ സിറ്റി ജാമിഅ ഹംദര്‍ദ് കോളജിലും മേയറുടെ പര്യടനത്തില്‍ പങ്കെടുത്തത്. പഠനത്തോടൊപ്പം തന്നെ തൊഴില്‍ പരിശീലനം നല്‍കുകവഴി മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനും ഉതകുന്ന പദ്ധതികള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധികളിലെ കാംപസുകളില്‍ കൊണ്ടുവരുമെന്നും മേയര്‍ പറഞ്ഞു.
പര്യടനത്തിന് മേയറോടൊപ്പം ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂര്‍, വി കെ ശ്രീലത, ഷാഹിന മൊയ്തീന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, കൗണ്‍സിലര്‍മാരായ ടി രവീന്ദ്രന്‍, എന്‍ ഉഷ, ജയസൂര്യന്‍, കെ പി റാഷിദ്, ശ്രീജ ആരംഭന്‍, സി എച്ച് ആസീമ എന്നിവരുമുണ്ടായിരുന്നു. പള്ളിക്കുന്ന് വനിതാ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ ടി ചന്ദ്രമോഹനന്‍, യൂണിയന്‍ ചേയര്‍പേഴ്‌സണ്‍ ടി കെ ഷാനിബ, യൂണിയന്‍ ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു. ജാമിഅ ഹംദര്‍ദ് കാംപസില്‍ ഡയരക്ടറും പ്രിന്‍സിപ്പലുമായ ഡോ. സി പി അയ്യൂബ് കേയി, പ്ലേസ്‌മെന്റ് സെല്‍ കണ്‍വീനര്‍ വി പി നദീറ നാസര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ചേര്‍ന്നായിരുന്നു സ്വീകരിച്ചത്. വരുംദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മറ്റു കാംപസുകളിലും മേയറുടെ നേതൃത്വത്തില്‍ പര്യടനം തുടരും.
പ്രചരണത്തിന്റെ ഭാഗമായി 23നു വൈകിട്ട് 3.30ന് വ്യാപാരി-വ്യവസായികളുമായി മുഖാമുഖം പരിപാടി ചേംബര്‍ ഹാളില്‍ നടക്കും. വൈകിട്ട് അഞ്ചിന് വ്ളോഗേഴ്സ് മീറ്റും 29നു വൈകിട്ട് അഞ്ചിന് പയ്യാമ്പലം ബീച്ചില്‍ മേയറുടെ നേതൃത്വത്തില്‍ സായാഹ്ന നടത്തവും നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് www.kannurglobaljobfair.com എന്ന വെസ്‌ബൈറ്റിലൂടെ ഗ്ലോബല്‍ ജോബ് ഫെയറിനായി രജിസ്റ്റര്‍ ചെയ്യാം.
പടങ്ങള്‍) ഗ്ലോബല്‍ ജോബ് ഫെയറിന്റെ ഭാഗമായി കാംപസ് പര്യടനത്തിനായി മേയര്‍ മുസ്‌ലിഹ് മഠത്തിലിന്റെ നേതൃത്വത്തില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളജിലെത്തിയ സംഘത്തെ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി കെ ഷാനിബയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
ഗ്ലോബല്‍ ജോബ് ഫെയറിന്റെ ഭാഗമായി ആരംഭിച്ച 'മേയര്‍ ഇന്‍ കാംപസ്' പരിപാടി പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ വനിത കോളജില്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
ഗ്ലോബല്‍ ജോബ് ഫെയറിന്റെ ഭാഗമായി ആരംഭിച്ച 'മേയര്‍ ഇന്‍ കാംപസ്' പരിപാടി കണ്ണൂര്‍സിറ്റി ജാമിഅ ഹംദര്‍ദ് കോളജില്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
kannur