---
title: "മാടായി ഗവ. ബോയ്സ് സ്‌കൂളിന്റെ  രണ്ടരയേക്കർ ഭൂമി കൈയേറി"
english_title: "madayi school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25533/madayi-school"
published_at: "2022-02-10T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204aa7f1932a_madayi school.jpg"
keywords: []
---

# മാടായി ഗവ. ബോയ്സ് സ്‌കൂളിന്റെ  രണ്ടരയേക്കർ ഭൂമി കൈയേറി

> **Lead Summary:** പഴയങ്ങാടി: മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ രണ്ടര ഏക്കർ ഭൂമി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയതായി കണ്ടെത്തി.

## Article Content

പഴയങ്ങാടി: മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ രണ്ടര ഏക്കർ ഭൂമി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയതായി കണ്ടെത്തി.

കൈയേറിയ ഭൂമി തിരിച്ചുപിടിക്കാൻ ജില്ലാ പഞ്ചായത്ത് നടപടി തുടങ്ങി. എരിപുരം പാളയം ഗ്രൗണ്ട് ഉൾപ്പെടെ സ്കൂളിന് അഞ്ച് ഏക്കർ ഭൂമിയുണ്ട്. പലഘട്ടങ്ങളിലായി പലരും ഭൂമി കൈയേറിയതോടെ നിലവിൽ 2.25 ഏക്കർ മാത്രമാണ് അവശേഷിക്കുന്നത്.

സ്വകാര്യസ്ഥാപനങ്ങളിലേക്ക് റോഡുകൾ ഉൾപ്പടെ നിർമിക്കാൻ സ്ഥലം കൈയേറിയിട്ടുണ്ട്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപ ചെലവിൽ ജില്ലയിലെ മാതൃകാ സ്പോർട്സ് വില്ലേജ് ഇവിടെ സ്ഥാപിക്കാനൊരുങ്ങുകയാണ്.

ഇതിന്റെ ഭാഗമായി ഭൂമി അളന്നപ്പോഴാണ് പകുതിയിലധികം കുറഞ്ഞതായി കണ്ടത്. സ്കൂൾ ഭൂമി തിരിച്ചുപിടിക്കുന്നതിന് താലൂക്ക് സർവേയർക്ക് അപേക്ഷ നൽകി അളന്ന് തിട്ടപ്പെടുത്തി അതിരുകൾ നിർണയിക്കുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ് ഹയർ സെക്കൻഡറി സ്കൂളും ആസ്തികളും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, വൈസ് പ്രസിഡന്റ് ഡി വിമല, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, പിടിഎ പ്രസിഡന്റ് കെ പി മനോജ്, പ്രിൻസിപ്പൽ ഡോ. പി ഷീജ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ യു സജിത് കുമാർ, പ്രധാനാധ്യാപിക ഒ പി അജിത എന്നിവരും ഒപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25533/madayi-school)