---
title: "മുതവല്ലി നിയമനം: മേൽ കമ്മിറ്റിക്ക് മൗനം: അണികൾ രോഷത്തിൽ"
english_title: "thalipparamb vakhaf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254715/thalipparamb-vakhaf"
published_at: "2024-12-08T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675522834e82d_Untitled-2_web.jpg"
keywords: []
---

# മുതവല്ലി നിയമനം: മേൽ കമ്മിറ്റിക്ക് മൗനം: അണികൾ രോഷത്തിൽ

> **Lead Summary:** തളിപ്പറമ്പ്: മുസ്ലിം ലീഗ് ഭരണം കൈയാളുന്ന തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി പിരിച്ചുവിട്ടു സിപിഎം നിയന്ത്രണത്തിലുള്ള കേരള വഖഫ് ബോർഡ് മുതവല്ലിയെ നിയമിച്ചതിനെതിരെ മുസ്ലിം ലീഗ് മണ്ഡലം ജില്ലാ കമ്മിറ്റികൾ മൗനം പാലിക്കുന്നതിൽ അണികൾ രോഷത്തിൽ. സിപിഎം പ്രാദേശിക നേതൃത്വവുമായി മുസ്ലിം ലീഗിലെ ചില നേതാക്കൾക്കുള്ള അന്തർധാര ബന്ധമാണ് ഇതിന് കാരണമത്രേ.

## Article Content

തളിപ്പറമ്പ്: മുസ്ലിം ലീഗ് ഭരണം കൈയാളുന്ന തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി പിരിച്ചുവിട്ടു സിപിഎം നിയന്ത്രണത്തിലുള്ള കേരള വഖഫ് ബോർഡ് മുതവല്ലിയെ നിയമിച്ചതിനെതിരെ മുസ്ലിം ലീഗ് മണ്ഡലം ജില്ലാ കമ്മിറ്റികൾ മൗനം പാലിക്കുന്നതിൽ അണികൾ രോഷത്തിൽ. സിപിഎം പ്രാദേശിക നേതൃത്വവുമായി മുസ്ലിം ലീഗിലെ ചില നേതാക്കൾക്കുള്ള അന്തർധാര ബന്ധമാണ് ഇതിന് കാരണമത്രേ.

കഴിഞ്ഞ 10 വർഷമായി തളിപ്പറമ്പ മുൻസിപ്പൽ മുസ്ലിം ലീഗിൽ നിലനിൽക്കുന്ന അതി രൂക്ഷമായ സംഘടന വിഭാഗീയത സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ പലവട്ടം ചർച്ച ചെയ്തിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. തളിപ്പറമ്പിലെ ഒരു ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിയും മണ്ഡലം സെക്രട്ടറി KK മുസ്തഫയും ആണത്രേ . ഏറ്റവും ഒടുവിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും തന്നെ മുൻകയ്യെടുത്ത് ഇരു വിഭാഗത്തെയും പാണക്കാട് തങ്ങളുടെ വസതിയിൽ വിളിച്ചു കൂട്ടി പരിഹരിച്ചിരുന്നു.

എന്നാൽ അന്ന് തളിപ്പറമ്പ് CH സെന്റർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എടുത്ത ചില തീരുമാനങ്ങൾ നടപ്പാക്കാതെ വന്നപ്പോഴാണ് വീണ്ടും വിഭാഗീയത തല പൊക്കിയത്. ഇതിന്റെ പിന്നിൽ മണ്ഡലം ജില്ലാ നേതാക്കളാണത്രേ . തളിപ്പറമ്പ് മുനിസിപ്പാലിറ്റിന്റകത്ത് ഇരു വിഭാഗത്തെയും തമ്മിലടിപ്പിച്ച് ഗ്രൂപ്പ് പോര് നിലനിർത്തി നേട്ടം കൊയ്യുന്നതിന്റെ ഭാഗമായിട്ടാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർ സമ്മതിക്കാത്തത്.

അതേസമയം ഒരു മാസം മുമ്പ് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റി കർശനമായ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി വിളിച്ചു ചേർക്കുകയും ജില്ലാ പ്രസിഡണ്ട് കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ ടി സഹദുള്ളയും പങ്കെടുക്കുകയും ഒരു മാസത്തിനകം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. അതിനോട് തളിപ്പറമ്പിലെ ഇരുവിഭാഗം ഗ്രൂപ്പ് നേതാക്കന്മാരും പൂർണ്ണമായി സഹകരിച്ചെങ്കിലും ചില മണ്ഡലം ജില്ലാ നേതാക്കളുടെ വാശി കാരണം പരിഹരിക്കാൻ കഴിയാതെ പോകുന്നുവെന്നാണ് വിമർശനം.

അതിനിടയിലാണ് കഴിഞ്ഞദിവസം ട്രസ്റ്റ് കമ്മിറ്റി പിരിച്ചുവിട്ടു മുത്തുവല്ലി ഭരണം നിയമിക്കപ്പെട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി സിപിഎം മുൻകയ്യെടുത്ത് നടത്തിയ മൂത്തുവല്ലി ഭരണത്തിനെതിരെ മണ്ഡലം ജില്ല നേതാക്കന്മാർ മൗനം പാലിക്കുന്നതാണ് അണികളെ അത്ഭുതപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ മണ്ഡലം ജില്ലാ നേതാക്കന്മാരെ കാണാൻ അണികൾ മുന്നോട്ടു വരുമെന്ന് അറിയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254715/thalipparamb-vakhaf)