---
title: "കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശി ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം"
english_title: "Car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253513/car-accident"
published_at: "2024-12-03T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e5f605a9e5_1002510343.jpg"
keywords: []
---

# കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശി ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആലപ്പുഴ സ്വദേശി ആയുഷ് ഷാജി(20) ,കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ (20), പാലക്കാട് സ്വദേശി ശ്രദീപ് (20) ,ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (20), ദേവാനന്ദ് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കളർകോട് ജങ്ഷനു സമീപമാണ് അപകടം നടന്നത്. വൈറ്റിലയിൽനിന്ന് കായംകുളത്തേക്ക് വന്ന സൂപ്പര്‍ഫാസ്റ്റും ആലപ്പുഴയിലേയ്ക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അര മണിക്കൂറോളം സമയമെടുത്ത് കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. കാറിലുണ്ടായിരുന്നത് വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. കായംകുളം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. കാലാവസ്ഥ മൂലം കാഴ്ചപരിധി കുറഞ്ഞിട്ടുണ്ടാകാം. കാര്‍ അമിത വേഗത്തിലായിരുന്നില്ല എന്നാണ് നിഗമനമെന്നും ആര്‍ടിഓ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചില്ല് പൊട്ടി ബസ് യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253513/car-accident)