കണ്ണൂർ: പ്രാദേശിക വിനോദ സഞ്ചാര മേഖലയിൽ പുതിയ സാധ്യതകളുമായി ഇരിണാവിൽ ഡാം ടൂറിസം പദ്ധതിയൊരുങ്ങുന്നു.ഇരിണാവ് ഡാം പരിസരത്താണ് വിനോദത്തിനുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കുന്നത്. ഇരിണാവിലെ പുഴയും പഴയ ഡാമും ഉൾപ്പെടുന്ന സ്ഥലങ്ങളെ ചേർത്താണ് പദ്ധതി. ജലസേചന വകുപ്പിൻ്റെ കൈവശമുള്ള സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടപടികൾ മുന്നോട്ടു പോകുന്നുണ്ട്.എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തിയാകും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുക.
പഴയ ഡാമിൻ്റെ മോടി കൂട്ടും
ഇരിണാവിലെ പഴയ ഡാമിൻ്റെ സൗന്ദര്യവൽക്കരണവും പദ്ധതിയുടെ ഭാഗമാകും. പെയിൻ്റടിച്ച് കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കും. ഡാമിൽ ബോട്ടിംഗ് സൗകര്യം, പ്രവേശന കവാടത്തോട് ചേർന്ന് കുട്ടികളുടെ പാർക്ക്, ഫുഡ് കോർട്ട്, സ്റ്റേജ്, ചെറിയ കഫ്റ്റീരിയകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുക. എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി. സ്ഥലത്തിന്റെ അതിർത്തി സർവ്വെ ഉടനെ പൂർത്തിയാക്കി പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും പ്രകൃതി സൗന്ദര്യം കാണാൻ ഏറെ പേർ എത്തുന്ന പ്രദേശമാണ് ഇരിണാവ് പുഴയും പഴയ ഡാമും. സമീപത്ത് പുതിയ പാലം നിർമിച്ചതോടെ ഡാമിന് മുകളിലൂടെയുള്ള വാഹന ഗതാഗതം അവസാനിച്ചു.
കാലപഴക്കമേറെയുള്ള പഴയ ഡാം പൊളിച്ച് മാറ്റി ജലസംഭരണത്തിന് പുതിയ ഡാം നിർമിക്കണമെന്ന ആവശ്യം നിലവിലുണ്ട്. പഴയ ഡാം അറ്റകുറ്റ പണികൾ നടത്തി സൗന്ദര്യവൽക്കരിക്കുകയാണ് പുതിയ പദ്ധതിയിൽ ചെയ്യുന്നത്. നിരവധി പേർ ഫിഷിംഗിനായി എത്തുന്ന പ്രദേശം കൂടിയാണിത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിന് ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തുന്നു.
irinavu dam tourism