---
title: "മാതമംഗലത്ത് യൂത്ത് ലീഗ് പ്രവർത്തകനും സഹോദരിക്കും എതിരെ വീണ്ടും കയ്യേറ്റശ്രമം"
english_title: "attack against youth league activist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25158/attack-against-youth-league-activist"
published_at: "2022-02-08T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62021c4839cd6_74448327.jpg"
keywords: []
---

# മാതമംഗലത്ത് യൂത്ത് ലീഗ് പ്രവർത്തകനും സഹോദരിക്കും എതിരെ വീണ്ടും കയ്യേറ്റശ്രമം

> **Lead Summary:** മാതമംഗലം: കഴിഞ്ഞയാഴ്ച മാതമംഗലം ടൗണിൽ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ ആക്രമിച്ച യൂത്ത്ലീഗ് നേതാവിനും സഹോദരിക്കുംനേരേവീണ്ടും കയ്യേറ്റ ശ്രമം.

## Article Content

മാതമംഗലം: കഴിഞ്ഞയാഴ്ച മാതമംഗലം ടൗണിൽ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ ആക്രമിച്ച യൂത്ത്ലീഗ് നേതാവിനും സഹോദരിക്കുംനേരേവീണ്ടും കയ്യേറ്റ ശ്രമം.

തിങ്കളാഴ്ച രാവിലെയാണ് യൂത്ത്ലീഗ് എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റും മാതമംഗലത്തെ വ്യാപാരിയുമായ അഫ്സൽ കുഴിക്കാടിനെയും സഹോദരി എം.ടി.സഹലയെയും കൊടുവാളുമായി ആക്രമികൾ പിന്തുടർന്നത്. പരിക്കേറ്റ സഹലയെ തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ബിരുദവിദ്യാർഥിയായ സഹലയെ കോളേജിലേക്ക് കാറിൽ കൊണ്ടുപോകുമ്പോഴാണ് അക്രമികൾ പിന്തുടർന്നത്. കാർ മാതമംഗലത്തെത്തിയപ്പോൾ നേരത്തേ തന്നെ ആക്രമിച്ച കേസിലെ പ്രതിയും മറ്റൊരാളും രണ്ട് ബൈക്കുകളിലായി പിന്തുടർന്നുവെന്നാണ് അഫ്സൽ പോലീസിന് നൽകിയ മൊഴി. പാണപ്പുഴ ജങ്ഷനിൽ കാർ ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോൾ ബൈക്കുകൾ കാറിന് സമീപം നിർത്തി, അഫ്സലിനുനേരേ വടിവാൾ വീശി.തടയാന്‍ ശ്രമിച്ച സഹോദരിയെ കൈ പിടിച്ചു തിരിച്ച് അപമാനിച്ചതായും ആരോപമണുണ്ട്.

 സഹലയുടെ കൈമുട്ടിന് പരിക്കേറ്റു. തുടർന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചന്തപ്പുര റോഡരികിൽ പെരിങ്ങോം സ്റ്റേഷനിലെ പോലീസ് വാഹനം കണ്ടു. പോലീസ് ഓഫീസറോട് അക്രമികളെക്കുറിച്ച് പറഞ്ഞപ്പോൾ മുന്നോട്ടുപോയ്ക്കൊള്ളാനും അക്രമികളെ തങ്ങൾ നോക്കിക്കൊള്ളാമെന്നും പറഞ്ഞെങ്കിലും ചന്തപ്പുര വളവിൽ എത്തുമ്പോഴും പിലാത്തറയിലും കോളേജ് വരെയും അക്രമികൾ പിന്തുടർന്നുവെന്ന് അഫ്സൽ പറഞ്ഞു. സഹോദരിയെ കോളേജിൽ ഇറക്കി മടങ്ങുമ്പോഴും അക്രമികൾ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് പരിയാരം പോലീസ് സ്റ്റേഷനിൽ കാറുമായി അഭയം തേടി. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു.

അക്രമത്തിനിരയായ അഫ്‌സലിനെയും സ ഹോദരി സഹലയെയും ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറി അഡ്വ: അബദുല്‍ കരീം ചേലേരി സിക്രട്ടറിമാരായ കെ.ടി. സഹദുല്ല, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, സംസ്ഥാന എം.എസ്.എഫ് വൈസ് പ്രസിഡന്റ് സജീര്‍ ഇഖ്ബാല്‍, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ എസ.എ.ശുക്കൂര്‍ ഹാജി, കെ.കെ.അഷറഫ്, പി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ടി.പി മഹമൂദ് ഹാജി, യുത്ത് ലീഗ് നേതാക്കളായ ജിയാസ് വെള്ളൂര്‍, സമീര്‍ പെടേന, മുര്‍ഷിദ് കോയിപ്ര, ഹരിത നേതാക്കളായ റുമൈസ റഫീഖ്, നഹല സഹീദ് എന്നിവര്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25158/attack-against-youth-league-activist)