തളിപ്പറമ്പ്: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങ്, തളിപ്പറമ്പ് ശാലിമാർ സ്റ്റോറിന് സംസ്ഥാന സർക്കാർ പുരസ്കാരം. ഷാലിമാർ സ്റ്റോർ ഭിന്നശേഷിക്കാർക്ക് നൽകുന്ന പരിഗണന തളിപ്പറമ്പ്കാർക്ക് മാത്രമല്ല, ഇനി കേരളത്തിന് തന്നെ മാതൃകയാണ്. അത്തരത്തിൽ ഒരു അംഗീകാരം ഷാലിമാർ സ്റ്റോറിന് തേടി എത്തിയിരിക്കുകയാണ്. അംഗീകാരത്തിൽ മികച്ചു നിൽക്കുമ്പോഴും തീരാ വേദനയാണ് ഷാലിമാർ ഉടമ എൻ പി അബ്ദുൽസലാമിന്റെ അകാല വിയോഗം.
സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ഭിന്നശേഷിക്കാരെ തേടിപ്പിടിച്ച് അവർക്ക് ഉപജീവനമാർഗ്ഗം ഒരുക്കി കൊടുക്കുകയും വിനോദങ്ങളിലും മറ്റും അവർക്കായി പ്രത്യേകം സമയം കണ്ടെത്തുകയും ചെയ്ത അദ്ദേഹത്തിന്റെ വലിയ മനസ്സിനുള്ള മികച്ച അംഗീകാരം തന്നെയാണ് ഷാലിമാർ സ്റ്റോറിന് ലഭിച്ചത്. അദ്ദേഹത്തോടൊപ്പം കട നടത്തിയിരുന്ന സഹോദരങ്ങളായ എംപി മൊയ്തീനും ബഷീറും ആണ് ഇപ്പോൾ കട നടത്തുന്നത്. അബ്ദുൾസലാമിന്റെ മകൻ മുഹമ്മദ് ശമലും ഇവർക്കൊപ്പം ഉണ്ട്.
തളിപ്പറമ്പിൽ രണ്ട് സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന ഷാലിമാർ സ്റ്റോറിലെ 48 ജീവനക്കാരിൽ 12 പേർ ഭിന്നശേഷിക്കാരാണ്. അവർ നമ്മളിൽ നിന്നും ഭിന്നരല്ല എന്ന് പറഞ്ഞ് ചേർത്ത് പിടിച്ച ഈ സ്ഥാപനത്തിന് മികച്ച സ്വകാര്യമേഖല സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് ആണ് ലഭിച്ചത്.
Shalimar Store