---
title: "കണ്ണഞ്ചിപ്പിക്കും കാഴ്ചയായി മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്രത്തിലെ അടയ്ക്കാ തൂണുകൾ "
english_title: "neeliyar bhagavathi temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24963/neeliyar-bhagavathi-temple"
published_at: "2022-02-07T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200da8d98af9_Untitled-2 web.jpg"
keywords: []
---

# കണ്ണഞ്ചിപ്പിക്കും കാഴ്ചയായി മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്രത്തിലെ അടയ്ക്കാ തൂണുകൾ 

> **Lead Summary:** **മാതമംഗലം:**ഗ്രാമീണ കാർഷിക സംസ്കൃതിയുടെ പൈതൃകം വിളിച്ചോതി കണ്ണഞ്ചിപ്പിക്കുംകാഴ്ചയായി അടയ്ക്കാ തൂണുകൾ. മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം അടയ്ക്കാ തുണുകൾ കൊണ്ട് അലങ്കരിക്കുന്നത്. 'നീലിയാർ കോട്ട'മെന്ന പേരിൽ പ്രസിദ്ധമായ ഇവിടെ, വർഷം തോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അലങ്കാര തൂണുകൾ ഉണ്ടാക്കുന്നത്. 20000പഴുത്ത അടക്കകളാണ് ഇതിനായി എത്തിക്കുന്നത്.

## Article Content

**മാതമംഗലം:**ഗ്രാമീണ കാർഷിക സംസ്കൃതിയുടെ പൈതൃകം വിളിച്ചോതി കണ്ണഞ്ചിപ്പിക്കുംകാഴ്ചയായി അടയ്ക്കാ തൂണുകൾ. മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം അടയ്ക്കാ തുണുകൾ കൊണ്ട് അലങ്കരിക്കുന്നത്. 'നീലിയാർ കോട്ട'മെന്ന പേരിൽ പ്രസിദ്ധമായ ഇവിടെ, വർഷം തോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അലങ്കാര തൂണുകൾ ഉണ്ടാക്കുന്നത്. 20000പഴുത്ത അടക്കകളാണ് ഇതിനായി എത്തിക്കുന്നത്.

ഗ്രാമങ്ങളിലെ കവുങ്ങുകളിൽ നിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടയ്ക്കാ കുലകൾ പൊളിച്ച്, നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിർമാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തിൽ രണ്ടാംനാളിൽ അടക്കാതൂണുകളുടെ നിർമാണം തുടങ്ങും. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടുന്ന സ്ത്രീകളാണ് മേൽനോട്ടം.

അടക്കകൾ കുലയിൽ നിന്ന് പറിച്ചെടുത്ത്, തരംതിരിച്ച്, ചരടിൽ കോർത്ത്, ക്ഷേത്ര തൂണുകൾക്ക് വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്.കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ രാത്രിയോടെ പൂർത്തിയാകുന്ന ഈ പൊൻ മുത്തു പോലുള്ള തൂണുകൾ, നാലാം നാളിൽ എത്തുന്നവർക്ക് നയന മനോഹര കാഴ്ചയാണ്.

ഇത് ആസ്വദിക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും നിരവധി പേർ എത്താറുണ്ട്. ​െഫബ്രുവരി നാലിന് തുടങ്ങി എട്ടിന് അവസാനിക്കുന്ന ഈ വർഷത്തെ കളിയാട്ടത്തിന്റെ അടയ്ക്കാ തൂണുകൾ ക്ഷേത്രസന്നിധിയിൽ ആറിന് രാത്രിയോടെ പൂർത്തിയാകും. ഏഴു മുതൽ ഈ അലങ്കാരം പൊതുജനങ്ങൾക്ക് ദർശിക്കാം.

നാലമ്പലത്തിന് മുന്നിലെ തിരുസന്നിധിയിൽ പത്ത് അടയ്ക്കാ തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കുക പതിവ്. എല്ലാ വർഷവുമുള്ള തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശവും ഈ കോട്ടത്തിന്റെ പ്രത്യേകതയാണ്.എട്ടിന് പുലർച്ചെയുള്ള തീച്ചാമുണ്ഡിയും 11 മണിക്ക് തിരുമുടി നിവരുന്ന നീലിയാർ ഭഗവതിയുടെ പുറപ്പാടും കാണാനെത്തുന്നവർക്ക് അടയ്ക്കാ തൂണുകളും പൈതൃക കാഴ്ചതന്നെ. നീലിയാർ കോട്ടം കളിയട്ട ദിനങ്ങൾ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24963/neeliyar-bhagavathi-temple)