---
title: "ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പ്രത്യേകം ക്ലാസ് മുറിയിലാക്കി കര്‍ണാടകയിലെ കോളജ്; പഠനം നിഷേധിച്ചു"
english_title: "hijab related issue at karnataka"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24957/hijab-related-issue-at-karnataka"
published_at: "2022-02-07T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200d6108375e_2.jpg"
keywords: []
---

# ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പ്രത്യേകം ക്ലാസ് മുറിയിലാക്കി കര്‍ണാടകയിലെ കോളജ്; പഠനം നിഷേധിച്ചു

> **Lead Summary:** ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പ്രത്യേകം ക്ലാസ് മുറിയിലാക്കി കര്‍ണാടകയിലെ കോളജ്. എന്നാല്‍, ഇവരെ പഠിപ്പിക്കാന്‍ അധ്യാപകര്‍ ക്ലാസിലെത്തിയില്ല. ഉഡുപ്പി കുന്ദാപൂരിലെ ഗവണ്‍മെന്റ് ജൂനിയര്‍ പി യു കോളജിലാണ് സംഭവം.

## Article Content

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പ്രത്യേകം ക്ലാസ് മുറിയിലാക്കി കര്‍ണാടകയിലെ കോളജ്. എന്നാല്‍, ഇവരെ പഠിപ്പിക്കാന്‍ അധ്യാപകര്‍ ക്ലാസിലെത്തിയില്ല. ഉഡുപ്പി കുന്ദാപൂരിലെ ഗവണ്‍മെന്റ് ജൂനിയര്‍ പി യു കോളജിലാണ് സംഭവം.

ഹിജാബ് ധരിച്ചെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങളായി പ്രതിഷേധമുണ്ടായ കോളജാണിത്. എന്നാല്‍, ഇന്ന് രാവിലെ ഇവര്‍ക്കും പ്രവേശനം അനുവദിക്കുകയായിരുന്നു. ഗേറ്റിന് പുറത്ത് ജനക്കൂട്ടം ഒഴിവാക്കാനാണ് പ്രവേശനം അനുവദിച്ചതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

ഹിജാബ് നീക്കം ചെയ്താല്‍ മാത്രമേ ഇവരെ സാധാരണ ക്ലാസുകളില്‍ പ്രവേശിപ്പിക്കൂവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോളജ് പ്രിന്‍സിപ്പല്‍ രാമകൃഷ്ണ ജി ജെ. ഹിജാബ് പ്രതിഷേധവുമായി സംഘ്പരിവാര്‍ സംഘടനകളുടെ പിന്തുണയില്‍ ചില വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞെത്തിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ രണ്ട് കോളജുകള്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അതിനിടെ, കുന്ദാപൂരിലെ കളവര വരദരാജ് എം ഷെട്ടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജില്‍ ഹിജാബ് അണിഞ്ഞെത്തിയ വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24957/hijab-related-issue-at-karnataka)