പയ്യന്നൂർ: വർത്തമാന ലോകത്തിൽ വർഗ്ഗസമരം ദുർബലമായിട്ടില്ലെന്നും അത് അടിക്കടി ശക്തിപ്പെട്ടു വരികയാണെന്നും മാർക്സിസ്റ്റ് - ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) കേന്ദ്രക്കമ്മിറ്റി അംഗം പി.കെ.വേണുഗോപാലൻ അഭിപ്രായപ്പെട്ടു.
വർഗ്ഗസമരത്തെ നയിക്കാൻ പ്രാപ്തിയുള്ള ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അഭാവമാണ് ലോകം നേരിടുന്ന ദുരവസ്ഥ.
ഫാസിസം ശക്തിപ്പെട്ടു വരികയാണ്.
നവഫാസിസ്റ്റുകൾ വളർന്നു വരുന്നതിനെതിരെ ലോകത്തെമ്പാടും ഇടതുപക്ഷ ശക്തികളുടെ ഐക്യം വളർന്നു വരണം.കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നം എന്നീ വിഷയങ്ങൾ ഉൾച്ചേർന്ന സാമ്രാജ്യത്വ വിരുദ്ധമായ പുതിയ ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തണം.
സോഷ്യലിസ്റ്റ് നിയമങ്ങൾ തെറ്റായി പ്രയോഗിച്ചതാണ് സോവിയറ്റ് യൂണിയൻ്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ചയ്ക്കു കാരണം. -വേണുഗോപാലൻ ചൂണ്ടിക്കാട്ടി.
സെൻ്റർ ഫോർ മാർക്സിസ്റ്റ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച 'ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവ വാർഷികാചരണ' പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ നേതാവ് വിനോദ്കുമാർ രാമന്തളി അധ്യക്ഷത വഹിച്ചു.പി.മുരളീധരൻ സ്വാഗതം പറഞ്ഞു.
വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളായ എൻ.പി.ഭാസ്‌ക്കരൻ, കെ.കെ.സുരേന്ദ്രൻ, അപ്പുക്കുട്ടൻ കാരയിൽ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.
കെ.മുരളി നന്ദി പറഞ്ഞു.
red flag