---
title: "മുഹമ്മദ് കാസിം ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി"
english_title: "muhammed qasim"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24561/muhammed-qasim"
published_at: "2022-02-05T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe074e08a34_news card.jpg"
keywords: []
---

# മുഹമ്മദ് കാസിം ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി

> **Lead Summary:** എസ്.എം.എ ബാധിച്ച ചപ്പാരപ്പടവിലെ പിഞ്ചുകുഞ്ഞ് മുഹമ്മദ് ഖാസിം സോള്‍ജെന്‍സ്മ തെറപ്പി ചികിത്സക്കുശേഷം നാട്ടില്‍ തിരിച്ചെത്തി. സെപ്​റ്റംബര്‍ അഞ്ചിനാണ് ചികിത്സയുടെ ഭാഗമായി ഖാസിമിനെ ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഗാന്ധി ജയന്തി ദിനത്തിലാണ് സോള്‍ജെന്‍സ്മ മരുന്ന് അടങ്ങിയ ഇന്‍ജക്​ഷന്‍ ഖാസിമിന് നല്‍കിയത്.

## Article Content

എസ്.എം.എ ബാധിച്ച ചപ്പാരപ്പടവിലെ പിഞ്ചുകുഞ്ഞ് മുഹമ്മദ് ഖാസിം സോള്‍ജെന്‍സ്മ തെറപ്പി ചികിത്സക്കുശേഷം നാട്ടില്‍ തിരിച്ചെത്തി. സെപ്​റ്റംബര്‍ അഞ്ചിനാണ് ചികിത്സയുടെ ഭാഗമായി ഖാസിമിനെ ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഗാന്ധി ജയന്തി ദിനത്തിലാണ് സോള്‍ജെന്‍സ്മ മരുന്ന് അടങ്ങിയ ഇന്‍ജക്​ഷന്‍ ഖാസിമിന് നല്‍കിയത്.

ഡോക്ടര്‍മാരായ ആന്‍ ആഗ്നസ് മാത്യു, മാധുരി, രമ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കുഞ്ഞിന് ഇന്‍ജക്​ഷന്‍ നല്‍കിയത്. നേരത്തെ കണ്ണൂര്‍ എം.പി കെ. സുധാകരന്‍ നല്‍കിയ കത്ത് പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ മരുന്നിന് നികുതി ഇളവ് നല്‍കിയിരുന്നു. കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തതോടെയാണ് ഖാസിമിന്റെ മരുന്നിന് ആവശ്യമായ തുക സമാഹരിക്കാന്‍ കഴിഞ്ഞത്.

ഇങ്ങനെ സ്വരൂപിച്ച തുകയും മാട്ടൂല്‍ മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റി നല്‍കിയ ഏഴുകോടി രൂപയും ഉള്‍പ്പെടെ 16 കോടി രൂപയാണ് സോള്‍ജെന്‍സ്മ മരുന്നിന് ചെലവായത്.ബംഗളൂരുവില്‍നിന്നും അഞ്ചുമാസത്തിന് ശേഷമാണ് കുഞ്ഞു ഖാസിം ജന്മനാട്ടിലെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് നാട്ടിലെത്തിയ ഖാസിമിനെയും കുടുംബത്തെയും ചികിത്സ സഹായ കമ്മിറ്റി ചെയര്‍പേഴ്സന്‍ സുനിജ ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ പെരുവണ, കണ്‍വീനര്‍മാരായ എം.എം. അജ്മല്‍, ഉനൈസ് എരുവാട്ടി, റിയാസ്, ടി.വി. മൈമൂനത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ചികിത്സക്കുശേഷം ഖാസിം നിവര്‍ന്നുനിന്നുതുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. അതിനാല്‍തന്നെ ഖാസിമിനെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ ചികിത്സയുടെ ഭാഗമായുള്ള ഫിസിയോതെറപ്പി അടുത്ത ദിവസം തുടങ്ങുമെന്ന് ചികിത്സ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24561/muhammed-qasim)