---
title: "വീട്ടിലെ വിശേഷദിവസങ്ങളിൽ പോലീസുകാർക്ക് ഇനി അവധി : ജനകീയ പരിഷ്കരണവുമായി കണ്ണൂർ ഡി ഐ ജി"
english_title: "kannur d i g"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24385/kannur-d-i-g"
published_at: "2022-02-04T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcc86cca8df_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# വീട്ടിലെ വിശേഷദിവസങ്ങളിൽ പോലീസുകാർക്ക് ഇനി അവധി : ജനകീയ പരിഷ്കരണവുമായി കണ്ണൂർ ഡി ഐ ജി

> **Lead Summary:** പോലീസുകാരോട് മേലുദ്യോഗസ്ഥർ മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും നിർദേശിച്ച് കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്കരണം. പോലീസുകാർക്ക് സ്വന്തം ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ അവധി നൽകണം. പങ്കാളിയുടെയും മക്കളുടെയും ജന്മദിനവും അവധിക്ക് പരിഗണിക്കണം.

## Article Content

പോലീസുകാരോട് മേലുദ്യോഗസ്ഥർ മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും നിർദേശിച്ച് കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്കരണം. പോലീസുകാർക്ക് സ്വന്തം ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ അവധി നൽകണം. പങ്കാളിയുടെയും മക്കളുടെയും ജന്മദിനവും അവധിക്ക് പരിഗണിക്കണം.

നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കാൻ പിശുക്ക് കാട്ടേണ്ടതില്ലെന്നും ഡി.ഐ.ജി. രാഹുൽ ആർ. നായർ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല്‌ ജില്ലകളിലാണ് ഇത് ബാധകമാകുക. മറ്റേത് ജോലിയെക്കാളും സമ്മർദം കൂടുതലാണ് പോലീസ് സേനയിലെന്ന് സർക്കുലറിൽ പറയുന്നു.

മാനസിക പിരിമുറുക്കമില്ലാതെ ജോലിചെയ്യുമ്പോഴാണ് സേനയുടെ കാര്യശേഷി കൂടുക. സമയപരിധിയില്ലാതെയാണ് ജോലി. ഇക്കാര്യം പരിഗണിച്ച് വിശ്രമവും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങൾക്ക് സമയവും കിട്ടത്തക്ക വിധത്തിൽ ജോലി ക്രമീകരിക്കണമെന്നാണ് നിർദേശം. 

പോലീസുകാരുടെ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കണം. അത് രേഖാപരമായിത്തന്നെ നൽകണം. പോലീസുകാരുടെ ജന്മദിനം, അവരുടെ പങ്കാളിയുടെയോ കുട്ടികളുടെയോ ജന്മദിനം, വിവാഹവാർഷികദിനം എന്നീ ദിവസങ്ങളിൽ ഒഴിച്ചുകൂടാത്ത ക്രമസമാധാനപ്രശ്നങ്ങളില്ലെങ്കിൽ അവധി നൽകണം. ഇത്തരത്തിലുള്ള വ്യക്തിവിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥരോ അവരുടെ കുടുംബാംഗങ്ങൾക്കോ വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥൻ മാനുഷികപരിഗണനയോടെ സഹായിക്കണമെന്നാണ് മറ്റൊരു നിർദേശം. ക്ഷേമപദ്ധതികളിലേക്കുള്ള സഹായത്തിനുള്ള അപേക്ഷ കാലതാമസമില്ലാതെ പോലീസ് ആസ്ഥാനത്തേക്ക് അയക്കണം.

അർഹതയുള്ളവർക്ക് അത് ലഭിച്ചില്ലെങ്കിൽ, അതിന്റെ വിവരങ്ങൾ റേഞ്ച് ഓഫീസിലും അറിയിക്കണം. ഈ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഡി.ഐ.ജി. തീരുമാനിച്ചിട്ടുണ്ട്. അതിനാണ് രജിസ്റ്റർ സൂക്ഷിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. മാർച്ച് ഒന്നിന് ഇതിന്റെ നിർവഹണം വിലയിരുത്താൻ പ്രത്യേക യോഗവും ഡി.ഐ.ജി. നിശ്ചയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24385/kannur-d-i-g)