---
title: "അഫ്സൽ ഹുസൈനെ സി.പി.എം.വേട്ടയാടുന്നത് എന്തിന്? കുറ്റവാളികൾക്കെതിരെ നടപടി വേണം. -അബ്ദുൽ കരീം ചേലേരി"
english_title: "citu-workers-over-harass-and-attack-youth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24272/citu-workers-over-harass-and-attack-youth"
published_at: "2022-02-03T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbe0133f030_afsal_hussain.jpg"
keywords: []
---

# അഫ്സൽ ഹുസൈനെ സി.പി.എം.വേട്ടയാടുന്നത് എന്തിന്? കുറ്റവാളികൾക്കെതിരെ നടപടി വേണം. -അബ്ദുൽ കരീം ചേലേരി

> **Lead Summary:** കണ്ണൂർ:മുസ്ലിം ലീഗിൻ്റെ സൈബർ പോരാളിയും മാതമംഗലത്തെ യൂത്ത് ലീഗ് നേതാവുമായ അഫ്സൽ ഹുസൈന് നേരേ നടന്ന സി.പി.എം, സി.ഐ.ടി.യു ഗുണ്ടാ ആക്രമണം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു.

## Article Content

കണ്ണൂർ:മുസ്ലിം ലീഗിൻ്റെ സൈബർ പോരാളിയും മാതമംഗലത്തെ യൂത്ത് ലീഗ് നേതാവുമായ അഫ്സൽ ഹുസൈന് നേരേ നടന്ന സി.പി.എം, സി.ഐ.ടി.യു ഗുണ്ടാ ആക്രമണം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു.

അഫ്സൽ ഉസൈൻ സി.പി.എമ്മിൻ്റെ കണ്ണിലെ കരടായിട്ട് കുറച്ച് കാലമായി. പ്രവാസിയായിരുന്ന അഫ്സൽ കോവിഡിൻ്റെ തുടക്കത്തിൽ നാട്ടിൽ തിരിച്ചെത്തുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാവുകയും ചെയ്ത ചെറുപ്പക്കാരനാണ്.

സൈബറിടങ്ങളിൽ സി.പി.എമ്മിൻ്റെ കൊള്ളരുതായ്മകൾക്കെതിരെ നിരന്തരം പോരടിക്കുന്ന അഫ്സലിനെ നിലക്ക് നിർത്തുക എന്നത് അവരുടെ അജണ്ടയാണ്. സ്പ്രിങ്കളർ അഴിമതിയുടെ ഭാഗമായ ഡാറ്റ കൈമാറ്റവുമായി ബന്ധപ്പെട്ട് കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് സി.പി.എം. ജില്ലാ സെക്രട്ടരി അവരുമായി ബന്ധപ്പെടുന്നതിനെതിരെ രംഗത്ത് വരികയും വിഷയം വലിയ തോതിൽ ചർച്ചയായപ്പോൾ മുഖ്യമന്ത്രിക്ക് ജില്ലാ സെക്രട്ടരിയെ തള്ളിപ്പറയേണ്ടി വരികയും ചെയ്തത് അഫ്സലിൻ്റെ ഇടപെടലിനെ തുടർന്നാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗിൻ്റെ മെഡി ചെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യവെ മയ്യിൽ പോലീസ് രാത്രി വൈകും വരെ തടഞ്ഞുവെക്കുകയും തുടർന്ന് സംഘടനാ തലത്തിലുള്ള ഇടപെടലിനെ തുടർന്ന് വിട്ടയക്കുകയുമായിരുന്നു.

അതിന് ശേഷം മാതമംഗലത്തെ വിവാദമായ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിൻ്റെ പേരിലും തൻ്റെ ജോലിയുടെ ഭാഗമായി കടയിൽ സി.സി.ടി.വി. ഫിറ്റ് ചെയ്തതിൻ്റെ പേരിലുമാണ് സി.ഐ.ടി.യു. പ്രവർത്തകർ ഇന്നലെ അഫ്സലിനെ ക്രൂരമായി മർദ്ദിച്ചവശനാക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തത്.

തങ്ങൾക്കിഷ്ടമില്ലാത്തവരെ വകവരുത്തി ഇല്ലാതാക്കിയും നിശ്ശബ്ദരും നിഷ്ക്രിയരുമാക്കിയും അജണ്ട നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് രാഷ്ട്രീയമാണ് സി.പി.എം.കയ്യാളുന്നത്.പോലീസ് അതിന് കൂട്ട് നിൽകുകയും ചെയ്യുന്നു.

പട്ടാപ്പകൽ നൂറിലധികം പേർ കണ്ടു കൊണ്ടിരിക്കെ, പതിനഞ്ചോളം തദ്ദേശീയരായ ആളുകൾ ഒരു യുവാവിനെ വധിക്കാൻ ശ്രമിച്ചിട്ടും അതിലൊരാളെ പോലും പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്നത് അത് കൊണ്ടാണ്.ഇത് നാണക്കേട് മാത്രമല്ല, പ്രതിഷേധാർഹവുമാണ്.

അഫ്സലിനെ ആക്രമിച്ച ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ അധികാരികൾ തയാറാവണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24272/citu-workers-over-harass-and-attack-youth)