---
title: "തളിപ്പറമ്പിൽ താലൂക്ക് എമർജൻസി ഓപ്പറേഷൻ കേന്ദ്രം തുടങ്ങുന്നു"
english_title: "thaluk emergency centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23981/thaluk-emergency-centre"
published_at: "2022-02-02T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa2830a107f_2.jpg"
keywords: []
---

# തളിപ്പറമ്പിൽ താലൂക്ക് എമർജൻസി ഓപ്പറേഷൻ കേന്ദ്രം തുടങ്ങുന്നു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പില്‍ താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ കേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവൃത്തി ഊര്‍ജിതമാക്കി. 50 വര്‍ഷത്തിലധികമായി താലൂക്ക് ഓഫിസ് കെട്ടിടത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഓഫിസായി പ്രവര്‍ത്തിച്ച മുറിയാണ് ഓപറേഷന്‍ സെന്‍ററായി പ്രവര്‍ത്തിക്കുക.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പില്‍ താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ കേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവൃത്തി ഊര്‍ജിതമാക്കി. 50 വര്‍ഷത്തിലധികമായി താലൂക്ക് ഓഫിസ് കെട്ടിടത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഓഫിസായി പ്രവര്‍ത്തിച്ച മുറിയാണ് ഓപറേഷന്‍ സെന്‍ററായി പ്രവര്‍ത്തിക്കുക.

1910ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണിത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് താലൂക്ക് ഓഫിസിന്‍റെ ഭാഗമായുള്ള മുറിയിലാണ് സ്പെഷല്‍ ബ്രാഞ്ച് ഓഫിസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. നേരത്തെ സബ് ജയിലും പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. തടവുകാരെ പാര്‍പ്പിക്കാനുള്ള ചെറിയ സെല്ലുകളാണ് ഇവിടെ ഉണ്ടായിരുന്നത്.

ഇത്തരം രണ്ട് സെല്ലുകളാണ് താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററിനുവേണ്ടി സജ്ജമാകുന്നത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളില്‍ താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ച്‌​ പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ നിന്ന് നേതൃത്വം നല്‍കും. വിഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി കമ്ബ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ നേരത്തേതന്നെ എത്തിയിരുന്നു.

നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. വൈദ്യുതി ജോലികള്‍ കൂടി പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ തളിപ്പറമ്ബ് താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം തുടങ്ങാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23981/thaluk-emergency-centre)