---
title: "ഇങ്ങനെയും ഒരു പ്രതിഷേധം : റോഡ് പണി പൂർത്തിയാക്കാത്തതിനെതിരെ  അധികൃതരെ പരിഹസിച്ച് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ"
english_title: "the locals set up a board mocking the authorities for not completing the road work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23952/the-locals-set-up-a-board-mocking-the-authorities-for-not-completing-the-road-work"
published_at: "2022-02-02T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa0c82624c5_news card.jpg"
keywords: []
---

# ഇങ്ങനെയും ഒരു പ്രതിഷേധം : റോഡ് പണി പൂർത്തിയാക്കാത്തതിനെതിരെ  അധികൃതരെ പരിഹസിച്ച് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ

> **Lead Summary:** **ശ്രീകണ്ഠപുരം: **പണിതുടങ്ങി അഞ്ചു വര്‍ഷമായിട്ടും പൂര്‍ത്തിയാവാത്ത ഒടുവള്ളി-കുടിയാന്മല റോഡിന്റെ ശോച്യാവസ്ഥ തുറന്നുകാട്ടി അധികൃതരെ കളിയാക്കി നാട്ടുകാരുടെ പ്രതിഷേധ ബോര്‍ഡ്.

## Article Content

**ശ്രീകണ്ഠപുരം: **പണിതുടങ്ങി അഞ്ചു വര്‍ഷമായിട്ടും പൂര്‍ത്തിയാവാത്ത ഒടുവള്ളി-കുടിയാന്മല റോഡിന്റെ ശോച്യാവസ്ഥ തുറന്നുകാട്ടി അധികൃതരെ കളിയാക്കി നാട്ടുകാരുടെ പ്രതിഷേധ ബോര്‍ഡ്.

'റോഡുപണി നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്കും മേല്‍നോട്ടം വഹിച്ച എന്‍ജിനീയര്‍മാര്‍ക്കും നാട്ടുകാരുടെ അഭിനന്ദനങ്ങള്‍' എന്നെഴുതിയ ബോര്‍ഡാണ് പുലിക്കുരുമ്ബ ടൗണില്‍ സ്ഥാപിച്ചത്. 2017 ഒക്ടോബര്‍ എട്ടിന് അന്നത്തെ എം.പി പി.കെ. ശ്രീമതിയാണ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്.

കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചുള്ള നിര്‍മാണം എങ്ങുമെത്താത്ത സ്ഥിതിയിലാണുള്ളത്. 21.3 കോടി രൂപക്കാണ് പണി ടെന്‍ഡര്‍ നല്‍കിയത്. ഒടുവള്ളിത്തട്ടുമുതല്‍ താവുകുന്ന് കവല വരെയും വേങ്കുന്ന് മുതല്‍ കൂടിയാന്മല ടൗണ്‍ വരെയുമാണ് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്യേണ്ടത്. ആകെ 12 കിലോമീറ്റര്‍ നിര്‍മാണം നടത്താനാണ് അഞ്ചു വര്‍ഷത്തിലധികം വേണ്ടിവന്നത്.

ഇപ്പോള്‍ പൊന്മല പാലത്തിനോട് ചേര്‍ന്ന റോഡ് നിര്‍മാണമാണ് നാമമാത്രമായി നടക്കുന്നത്. അധികൃതര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ കരാറുകാരന്‍ തോന്നിയപോലെയാണ് പണി നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു മണ്ണുമാന്തിയന്ത്രവും വിരലിലെണ്ണാവുന്ന തൊഴിലാളികളെയുംവെച്ചാണ് പണി നടത്തുന്നത്.

പുലിക്കുരുമ്ബ ടൗണിലടക്കം റോഡ് പൊളിഞ്ഞു കിടക്കുന്നതിനാല്‍ ദുരിതം ഏറെയാണ്. ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ഈ സാമ്ബത്തിക വര്‍ഷവും നിര്‍മാണം പൂര്‍ത്തിയാകില്ലെന്നതാണ് അവസ്ഥ. കെടുകാര്യസ്ഥതയില്‍ സഹികെട്ടാണ് നാട്ടുകാര്‍ പരിഹാസ ബോര്‍ഡ് സ്ഥാപിച്ച്‌ വേറിട്ട പ്രതിഷേധം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23952/the-locals-set-up-a-board-mocking-the-authorities-for-not-completing-the-road-work)