---
title: "തളിപ്പറമ്പ ഈലിപ്പുറം കോളനിയിൽ വികസന പ്രവർത്തനങ്ങൾക്ക് 39 ലക്ഷം രൂപയുടെ ഭരണാനുമതിയായി "
english_title: "development fund "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23662/development-fund"
published_at: "2022-01-31T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7e1563a115_R (1).jpg"
keywords: []
---

# തളിപ്പറമ്പ ഈലിപ്പുറം കോളനിയിൽ വികസന പ്രവർത്തനങ്ങൾക്ക് 39 ലക്ഷം രൂപയുടെ ഭരണാനുമതിയായി 

> **Lead Summary:** **തളിപ്പറമ്പ: **പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി പ്രകാരം തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലെ ഈലിപ്പുറം കോളനിയിൽ 39 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതിയായി. അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോക്കം നിൽക്കുന്നതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്നതോ, അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ളതോ ആയ കോളനികൾക്കാണ് ഈ പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കുന്നത്.

## Article Content

**തളിപ്പറമ്പ: **പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി പ്രകാരം തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലെ ഈലിപ്പുറം കോളനിയിൽ 39 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതിയായി. അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോക്കം നിൽക്കുന്നതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്നതോ, അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ളതോ ആയ കോളനികൾക്കാണ് ഈ പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കുന്നത്.

കോളനിയിൽ നടപ്പാത നിർമ്മിക്കുക, ഓവുചാലുകൾ നിർമ്മിക്കുക, സാംസ്‌കാരിക നിലയത്തിന്റെ മേൽക്കൂര സ്ഥാപിക്കുക, ഏഴ് വീടുകളുടെ അറ്റകുറ്റ പണി, ഇലക്ട്രിക്ക് പോസ്റ്റ് ഷിഫ്റ്റിംഗ് തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതി പ്രകാരം നടപ്പിലാക്കുക. ജില്ലാ നിർമ്മിതി കേന്ദ്രയാണ് നിർമ്മാണ ചുമതലയുള്ള ഏജൻസി.

തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കോളനി വികസനത്തിന് അടിയന്തിര ഇടപെടൽ നടത്താൻ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പദ്ധതിക്ക് ഇപ്പോൾ ഭരണാനുമതി ലഭ്യമായത്. കോളനി വികസന പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23662/development-fund)