---
title: "ആലക്കാട്ട് വീട്ടിൽ ഉണ്ടായ ബോംബ് സ്ഫോടനം: 'ആർഎസ്എസ് ആക്രമത്തിന് കോപ്പുകൂട്ടുന്നു'- എം വി ജയരാജൻ"
english_title: "m v jayarajan talks about bomb blast"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23568/m-v-jayarajan-talks-about-bomb-blast"
published_at: "2022-01-31T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f76f1f46b6c_download (11).jpg"
keywords: []
---

# ആലക്കാട്ട് വീട്ടിൽ ഉണ്ടായ ബോംബ് സ്ഫോടനം: 'ആർഎസ്എസ് ആക്രമത്തിന് കോപ്പുകൂട്ടുന്നു'- എം വി ജയരാജൻ

> **Lead Summary:** **കണ്ണൂര്‍: **പെരിങ്ങോം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ആലക്കാട്ട് സ്വന്തം വീട്ടില്‍ വെച്ച് ആര്‍എസ്എസ് ക്രിമിനലിന്റെ കയ്യില്‍ നിന്ന് ബോംബ് സ്‌ഫോടനം നടന്നത് ആര്‍എസ്എസ് അക്രമത്തിന് കോപ്പ് കൂട്ടുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍.

## Article Content

**കണ്ണൂര്‍: **പെരിങ്ങോം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ആലക്കാട്ട് സ്വന്തം വീട്ടില്‍ വെച്ച് ആര്‍എസ്എസ് ക്രിമിനലിന്റെ കയ്യില്‍ നിന്ന് ബോംബ് സ്‌ഫോടനം നടന്നത് ആര്‍എസ്എസ് അക്രമത്തിന് കോപ്പ് കൂട്ടുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍.

കൈപ്പത്തിക്ക് പരിക്ക് പറ്റിയ ക്രിമിനലിനെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദുരൂഹമാണ്. ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് ആയുധനിര്‍മ്മാണവും സംഭരണവുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2015 ജനുവരി 2ന് ഇതേ ക്രിമിനലിന്റെ വീട്ടില്‍ വെച്ച് സമാനരീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് മാതാവിനായിരുന്നു ഗുരുതരമായി പരിക്കേറ്റത്.

മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ന് ചികിത്സിച്ചത്. വീടിന്റെ സമീപത്ത് മെഡിക്കല്‍ കോളജും സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളും ഉണ്ടായിട്ടും വിദൂരസ്ഥലങ്ങളില്‍ ചികിത്സതേടി പോകുന്നത് എന്തുകൊണ്ടെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കണം. 

കൊലക്കേസടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഈ ക്രിമിനല്‍. കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. അതിന്റെ ഭാഗമായിരുന്നു ആലപ്പുഴയിലെ കൊലപാതകവും തലശ്ശേരിയിലെ പ്രകോപന പ്രകടനവും.

ആയുധ നിര്‍മ്മാണവും, സമാഹരണവും നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന വര്‍ഗീയ-തീവ്രവാദ ശക്തികള്‍ക്കെതിരേ ജനാധിപത്യവിശ്വാസികളാകെ പ്രതിഷേധം ഉയര്‍ത്തണം. തുടര്‍ച്ചയായി ബോംബ് നിര്‍മ്മാണവും സംഭരണവും നടത്തുന്ന ക്രമിനലിനെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പോലിസിനോട് എം വി ജയരാജന്‍ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23568/m-v-jayarajan-talks-about-bomb-blast)