---
title: "ഓണം സ്‌പെഷ്യല്‍ പാക്കേജുകളുമായി കണ്ണൂര്‍ കെ.എസ്.ആർ.ടി.സി"
english_title: "Kannur KSRTC with special Onam packages"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234406/kannur-ksrtc-with-special-onam-packages"
published_at: "2024-09-09T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66decca244a00_Untitled-2-web.jpg"
keywords: []
---

# ഓണം സ്‌പെഷ്യല്‍ പാക്കേജുകളുമായി കണ്ണൂര്‍ കെ.എസ്.ആർ.ടി.സി

> **Lead Summary:** **കണ്ണൂർ:** ഓണത്തോട് അനുബന്ധിച്ച് വിവിധ ടൂർ പാക്കേജുകള്‍ ഒരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി ഗവി, വാഗമണ്‍, മൂന്നാർ, കോഴിക്കോട്, വയനാട്, പൈതല്‍ മല, റാണിപുരം പാക്കേജുകള്‍ക്ക് പുറമേ കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർത്ഥാടന യാത്രയും ഇത്തവണയുണ്ട്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഗവി യാത്ര പുനരാംരംഭിക്കുന്നത്.

## Article Content

**കണ്ണൂർ:** ഓണത്തോട് അനുബന്ധിച്ച് വിവിധ ടൂർ പാക്കേജുകള്‍ ഒരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി ഗവി, വാഗമണ്‍, മൂന്നാർ, കോഴിക്കോട്, വയനാട്, പൈതല്‍ മല, റാണിപുരം പാക്കേജുകള്‍ക്ക് പുറമേ കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർത്ഥാടന യാത്രയും ഇത്തവണയുണ്ട്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഗവി യാത്ര പുനരാംരംഭിക്കുന്നത്.

16, 20 തീയതികളില്‍ കണ്ണൂരില്‍ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ട് 19, 23 തീയതികളില്‍ പുലർച്ചെ 6ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന പാക്കേജില്‍ ഗവി, പരുന്തുംപാറ, കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദർശിക്കും. 16, 20, 27 തീയതികളില്‍ വൈകിട്ട് ഏഴിന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് 19, 23, 30 തീയതികളില്‍ പുലർച്ചെ 6ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് മൂന്നാർ പാക്കേജ്. ഒന്നാമത്തെ ദിവസം മൂന്നാർ ബൊട്ടാണിക്കല്‍ ഗാർഡൻ, മറയൂർ ശർക്കര ഫാക്ടറി, മുരുക മല ഓഫ് റോഡ് ജീപ്പ് സഫാരി, ഇറച്ചില്‍ പാറ വെള്ളച്ചാട്ടം, ഭ്രമരം പോയിന്റ്, കാന്തലൂർ ഫ്രൂട്ട് ഗാർഡൻ, മറയൂർ ചന്ദനത്തോട്ടം എന്നിവ സന്ദർശിച്ച് മറയൂരില്‍ താമസം. രണ്ടാമത്തെ ദിവസം സിഗ്നല്‍ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, മലൈക്കള്ളൻ കേവ്, ആന ഇറങ്ങല്‍ ഡാം, ശാന്തൻ പാറ, ചതുരംഗ പാറ എന്നിവ സന്ദർശിച്ച് മടങ്ങും. 16, 27 തീയതികളില്‍ പുറപ്പെടുന്ന വാഗമണ്‍ പാക്കേജില്‍ ഒന്നാമത്തെ ദിവസം വാഗമണ്‍ അഡ്വഞ്ചർ പാർക്ക്, പൈൻ വാലി ഫോറസ്റ്റ്, വാഗമണ്‍ മെഡോസ് എന്നിവ സന്ദർശിച്ച് രണ്ടാമത്തെ ദിവസം ചതുരംഗപ്പാറ ഏരിയ സന്ദർശിച്ചു നടത്തി കണ്ണൂരിലേക്കു തിരിക്കും.

വയനാട് ഉരുള്‍പൊട്ടലിനെ തുടർന്ന് സാമ്പത്തികമായി തളർന്ന് കിടക്കുന്ന വയനാടിനെ തിരിച്ച് കൊണ്ടുവരുന്നതിന് വേണ്ടി യാത്രകള്‍ പുനരാരംഭിച്ചു. 16, 22 തീയതികളില്‍ രാവിലെ 6ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന പാക്കേജില്‍ തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ചങ്ങല മരം എന്നിവ സന്ദർശിക്കും. കൊല്ലൂർ കുടജാദ്രി 10, 24 തീയതികളില്‍ രാത്രി 8.30ന് പുറപ്പെട്ട് ഒരു ദിവസം കൊല്ലൂർ, കുടജാദ്രി സർവജ്ഞ പീഠം എന്നിവ ദർശിച്ചു രണ്ടാമത്തെ ദിവസം ഉഡുപ്പി, മധൂർ, അനന്തപുര, ബേക്കല്‍ ഫോർട്ട് എന്നിവ ദർശിച്ചു രാത്രി 7.30ന് കണ്ണൂരിലെത്തും. 12ന് രാവിലെ 5.30ന് പുറപ്പെടുന്ന പാക്കേജില്‍ ഒന്നാമത്തെ ദിവസം വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, ചോറ്റാനിക്കര ക്ഷേത്രങ്ങള്‍ ദർശിച്ച് ചെങ്ങന്നൂരില്‍ താമസം. രണ്ടാമത്തെ ദിവസം പഞ്ചപാണ്ഡവ ക്ഷേത്രങ്ങളും കുന്തിദേവീ ക്ഷേത്രവും കവിയൂർ ഗുഹ ക്ഷേത്രവും ദർശിച്ച്‌ ആറന്മുള വള്ളസദ്യയും കഴിഞ്ഞു കണ്ണൂരിലേക്കു മടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234406/kannur-ksrtc-with-special-onam-packages)