---
title: "ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു"
english_title: "state bank of india"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23327/state-bank-of-india"
published_at: "2022-01-29T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f52a9367032_90213940-8bdb-4e8b-ad4d-2170601a8113.jpg"
keywords: []
---

# ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി: **ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. പൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ വ്യക്തമാക്കി.

## Article Content

**ന്യൂഡല്‍ഹി: **ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. പൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ വ്യക്തമാക്കി.

നിയമനത്തില്‍ ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള എസ്ബിഐയുടെ ഉത്തരവില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു.

  പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്നും വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിച്ചിരുന്നു.

ഡിസംബര്‍ 31നാണ് ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്.

ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്നായിരുന്നു ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. 

എസ്.ബി.ഐ.യില്‍ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്.

ബാങ്കില്‍ ക്ലറിക്കല്‍ കേഡറിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന 2009ല്‍ നിയമനം സംബന്ധിച്ച് വിജ്ഞാപനം വന്നപ്പോഴാണ് ഗര്‍ഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറുമാസമോ അതിലേറെയോ ഗര്‍ഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി.

നേരത്തേ ഗര്‍ഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്.

ചില രോഗങ്ങളുള്ളവരെ പൂര്‍ണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളില്‍ ഇപ്പോള്‍ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമര്‍ദം എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാര്‍ഥികളുടെ വൃഷണത്തിന്റെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23327/state-bank-of-india)