---
title: "അപകട സാധ്യതയുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍"
english_title: "Central government has banned 156 dangerous drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230625/central-government-has-banned-156-dangerous-drugs"
published_at: "2024-08-23T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c89b1b5a47d_Untitled-2-web.jpg"
keywords: []
---

# അപകട സാധ്യതയുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

> **Lead Summary:** മനുഷ്യ ശരീരത്തില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍. അവ ”കോക്ടെയ്ല്‍” മരുന്നുകള്‍ എന്നും അറിയപ്പെടും.

## Article Content

മനുഷ്യ ശരീരത്തില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍. അവ ”കോക്ടെയ്ല്‍” മരുന്നുകള്‍ എന്നും അറിയപ്പെടും.

ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ മുടി വളര്‍ച്ചയ്ക്കും, ചര്‍മ്മ സംരക്ഷണത്തിനുമായി ഉല്പാദിപ്പിക്കുന്ന മരുന്നുകളും വേദനസംഹാരി, മള്‍ട്ടിവൈറ്റമിനുകളും നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിലുണ്ട്. പനി, കോള്‍ഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും. ഇക്കാരണത്താല്‍ തന്നെ വ്യാപകമായ ഉപയോഗത്തില്‍ ഈ മരുന്നുകള്‍ വന്നിട്ടുണ്ട്. കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഗുളികകളുടെ എണ്ണം കുറയ്ക്കാനായി ഇത്തരം കോമ്പിനേഷന്‍ മരുന്നുകള്‍ ഡോക്ടര്‍മാര്‍ എഴുതുന്നതും പതിവാണ്.

നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തില്‍ ഇവയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിപ്ല, ടോറന്റ്, സൺ ഫാർമ, ഐപിസിഎ ലാബ്സ്, ല്യൂപിൻ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതാണ്. മരുന്നുനിരോധനം വലിയ സാമ്പത്തിക ബാധ്യത കമ്പനികൾക്ക് വരുത്തിവെക്കുമെന്നും മരുന്നു കമ്പനികൾ കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്.

> ഒട്ടും സുതാര്യമല്ലാതെയാണ് വിദഗ്ധ സമിതി തങ്ങളുടെ അനുമാനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നതെന്നാണ് കമ്പനികളുടെ ആരോപണം. “പൊതുജനതാൽപ്പര്യം മുൻനിർത്തി ഈ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിർമ്മിക്കുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 സെക്ഷൻ 26 എ പ്രകാരം വിലക്കേണ്ടത് അത്യാവശ്യമാണ്,” എന്ന് സമിതി തങ്ങളുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിരോധിച്ച മരുന്നുകളുടെ ഉപയോഗം മനുഷ്യന് അപകടസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകൾക്ക് സുരക്ഷിതമായ ബദൽ മരുന്നുകൾ വിപണിയിൽ ലഭ്യമാണ് എന്ന വസ്തുതയും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230625/central-government-has-banned-156-dangerous-drugs)